മര്‍ക്കസ് ജിദ്ദ തായിഫ് യാത്ര നടത്തി
Monday, August 4, 2014 7:50 AM IST
ജിദ്ദ: ചെറിയ പെരുന്നാള്‍ അവധിയില്‍ മര്‍ക്കസ് ജിദ്ദ ടൂര്‍ സെല്‍ സംഘടിപ്പിച്ച തായിഫ് യാത്ര ചരിത്ര പഠന യാത്രയായി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു.

രാവിലെ ജിദ്ദയില്‍ നിന്നും പുറപ്പെട്ട യാത്രാസംഘം ഉച്ചയോടെയാണ് സൌദിയിലെ സുഖവാസ കേന്ദ്രവും ഏതാനും ചരിത്ര അവശേഷിപ്പുകളും സ്ഥിതിചെയ്യുന്ന തായിഫിലെതിയത്. യാത്രയിലുടനീളം സന്ദര്‍ശന സ്ഥലങ്ങളെ കുറിച്ചുള്ള വിശദവിവരണം ടൂര്‍ അമീര് അഹമ്മദ് മോഹിയുദീന്‍ സഖാഫി നല്‍കി.

പ്രവാചകന്‍ മുഹദ് നബിയുടെ പിതൃ പുത്രനും പ്രശസ്ത പണ്ഡിതനുമായ അബ്ദുള്ള ഇബ്നു അബാസ് (റ) തങ്ങളുടെ പേരിലറിയപ്പെടുന്ന പള്ളി, മലയാളിയായ ഉമര്‍ ഗാസി നിര്‍മിച്ചതെന്ന് പറയപ്പെടുന്ന ഇന്ത്യന്‍ പള്ളി എന്നര്‍ഥമുള്ള മസ്ജിദ് ഹൂനൂദ്, പുരാതന പള്ളികളായ മസ്ജിദ് തഹസ് അടക്കമുള്ള ഏതാനും സ്ഥലങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. തായിഫിലെ ഉയരം കൂടിയ അസഫ കുന്നിന് മുകളിലെത്തിയ സംഗം കുതിര സവാരി അടക്കം വിവിധ വിനോദ പരിപാടികളിലും പങ്കെടുത്തു.

യാത്രാംഗങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച ഗാനവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളും യാത്രയെ ആവേശഭരിതമാക്കി. പത്ര പ്രവര്‍ത്തകരായ ജാഫര്‍ അലി പാലക്കോട്, കെ.ടി. മുസ്തഫ പെരുവള്ളൂര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍