'ഒരു പ്രദേശത്തിന്റെ രക്ഷാകര്‍ത്താവായിരുന്നു അരിമ്പ്ര ബാപ്പു'
Monday, August 4, 2014 7:47 AM IST
ജിദ്ദ: ഒരു പ്രദേശത്തിന്റെ ഏറ്റവും വലിയ ഭാഗ്യം സര്‍വസമ്മതരായ നേതാക്കള്‍ ഉണ്ടാകലാണെന്നും അരിമ്പ്ര ബാപ്പു അങ്ങനെ എല്ലാവരുടെയും ഒരു നേതാവായിരുന്നുവെന്നും കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാലയാട്ട്. മൊറയുര്‍ പഞ്ചായത്ത് കെഎംസിസി സംഘടിപ്പിച്ച അരിമ്പ്ര ബാപ്പു അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് കബീര്‍ മോങ്ങം അധ്യക്ഷത വഹിച്ചു. മൊറയുര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഉംറ നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുപ്പത്തിയഞ്ചു വര്‍ഷം മൊറയുര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അരിമ്പ്ര അഹമ്മദ് എന്ന ബാപ്പു അക്ഷരാര്‍ദ്ധത്തില്‍ ഒരു നാടിനെ വികസനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ഏറനാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത വ്യക്തിയായിരുന്നുവെന്നു അബു പറഞ്ഞു. പൊതു രംഗത്ത് മൂല്യബോധം കാത്തു സൂക്ഷിക്കുകയും കക്ഷി രാഷ്ട്രീയഭേദമന്യെ ഒരു നാടിന്റെയും നാട്ടുകാരുടെയും ഉന്നമനത്തിനായി സ്വജീവിതം നീക്കിവയ്ക്കുകയും ചെയ്ത ബാപ്പു ഉന്നത നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉയര്‍ന്ന ബന്ധം സ്ഥാപിക്കുകയും അത് സാധാരണക്കാരായ നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്തു.

കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി നാസര്‍ എടവനക്കാട്, ഇസ്മയില്‍ മുണ്ടക്കുളം, ജില്ലാ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി, നാസര്‍ മച്ചിങ്ങല്‍, ഉനൈസ് തിരൂര്‍, കൊണ്േടാട്ടി താലൂക്ക് കര്‍ഷക സംഘം പ്രസിഡന്റ് ടി. മൂസ ഹാജി, മലപ്പുറം മണ്ഡലം കെഎംസിസി പ്രസിഡന്റ് മജീദ് അരിമ്പ്ര, പെരിമ്പിലായി മുഹമ്മദ്, ഷൌക്കത്ത് ഒഴുകൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഈസി മാര്‍ട്ട്, താജ് അബായ ശറഫിയ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബഷീര്‍ തൊട്ടിയന്‍ ,മുജീബ് റഹ്മാന്‍ ,റസാക്ക് ഒഴുകൂര്‍, അബ്ദു റഹ്മാന്‍ ഹാജി, റസാക്ക് വാളാഞ്ചേരി എന്നിവര്‍ വിതരണം ചെയ്തു. ആബിദ് മുറയുര്‍, ജലീല്‍ ഒഴുകൂര്‍, സിദ്ദീഖ് കളത്തില്‍പറമ്പ്, ജാഫര്‍ അരിമ്പ്ര എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സിദ്ധിഖ് പാലൊളി സ്വാഗതവും എം.സി അയ്യുബ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍