പത്തു ദിവസത്തെ അവധിക്ക് വിരാമായി; ഒമാനിലെ പൊതു, സ്വകാര്യ മേഖലകള്‍ ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്
Saturday, August 2, 2014 8:13 AM IST
മസ്ക്കറ്റ്: ഈദ് അവധി കഴിഞ്ഞ് ഒമാനിലെ പൊതു, സ്വകാര്യ മേഖലകള്‍ ഓഗസ്റ് മൂന്ന് (ഞായര്‍) മുതല്‍ സാധാരണ നിലയിലേക്ക്. പത്തു ദിവസത്തെ നീണ്ട അവധി ആഘോഷത്തിനുശേഷമാണു ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. വേനലവധിക്കുശേഷം വിവിധ ഇന്ത്യന്‍ സ്കൂളുകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

വിവിധ സ്ഥലങ്ങളില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ ബര്‍ക്കയില്‍ രണ്ടു മലയാളി യുവാക്കള്‍ ഉള്‍പ്പെടെ 14 ജീവനുകളാണ് വിവിധ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത്.

ഒമാനിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് പണമിടപാട് സ്ഥാപനങ്ങള്‍ വഴി നാട്ടിലേക്ക് പണമടച്ചവരെ വെട്ടിലാക്കി. പണം അയച്ചപ്പോള്‍ പ്രത്യകിച്ച് ഒന്നും പറയാതെ പണം സ്വീകരിച്ച സ്ഥാപനങ്ങളില്‍ അന്വേഷിച്ചവര്‍ക്ക് കിട്ടിയ മറുപടി തിങ്കളാഴ്ച മാത്രമേ നാട്ടിലെ ബാങ്കുകളില്‍ പണം ക്രെഡിറ്റ് ചെയ്യപ്പെടുകയുള്ളൂവെന്നാണ്. ഞായറാഴ്ച ഒമാനില്‍ സെന്‍ട്രല്‍ ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും നാട്ടില്‍ അവധി ആയതാണ് കാരണം.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം