പുസ്തകം പ്രകാശനവും സാഹിത്യ സായാഹ്നവും സംഘടിപ്പിച്ചു
Saturday, August 2, 2014 8:09 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ പ്രവര്‍ത്തകന്‍ ബിനീഷ് കെ.ബാബു എഴുതി പ്രസിദ്ധീകരിച്ച 'ഗൌരി ശങ്കരം' (യാത്രാനുഭവം) എന്ന പുസ്തകത്തിന്റെ പ്രകാശനം മംഗഫ് കലാ സെന്ററില്‍ നടന്നു.

എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സാം പൈനുംമൂട് വനിതാവേദി കുവൈറ്റ് ജനറല്‍ സെക്രട്ടറി ശുഭ ഷൈനിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കെ.വി. പരമേശ്വരന്‍ പുസ്തകത്തെ സദസിനു പരിചയപ്പെടുത്തി. കല കുവൈറ്റ് സാഹിത്യ വിഭാഗം സംഘടിപ്പിച്ച ബഷീര്‍ കൃതികളുടെ ആസ്വദന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പുസ്തക പ്രകാശനം. പരിപാടികള്‍ കല കുവൈറ്റ് ജനറല്‍സെക്രട്ടറി ടി.വി. ജയന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ഷാജു വി. ഹനീഫ് അധ്യക്ഷത വഹിച്ചു. പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം വികാസ് കീഴാറ്റൂര്‍ അവതരിപ്പിച്ചു. ബാല്യകാല സഖി എന്ന കൃതിയെ ആസ്പദമാക്കി ഷാനവാസ് അവതരിപ്പിച്ച ഗാനം സദസ് നിറഞ്ഞ കൈയടിയോടെ ഏറ്റുവാങ്ങി.

തുടര്‍ന്നു നടന്ന ബഷീര്‍ കൃതികളുടെ ആസ്വാദന സദസില്‍, ശാന്തന്‍ ചെട്ടിക്കാട് (പാത്തുമ്മയുടെ ആട്), ലിപി പ്രസീദ് (മുച്ചീട്ട് കളിക്കാരന്റെ മകള്‍), പ്രേമന്‍ ഇല്ലത്ത് (അനര്‍ഘ നിമിഷങ്ങള്‍) എന്നിവര്‍ പുസ്തകങ്ങളുടെ ആസ്വാദനം നടത്തി. ബാലകൃഷ്ണന്‍, പി.ആര്‍. ബാബു, സനല്‍കുമാര്‍ എന്നിവര്‍ ആസ്വാദനത്തില്‍ ഇടപെട്ടു സംസാരിച്ചു. കല കുവൈറ്റ് പ്രവര്‍ത്തകന്‍ ആര്‍ട്ടിസ്റ് രമേശന്‍ വരച്ച ബഷീര്‍ കഥാപാത്രങ്ങളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ചടങ്ങിനു രഹീല്‍ കെ.മോഹന്‍ദാസ് സ്വാഗതവും ജിജോ ഡൊമനിക് നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍