നേതൃത്വ പരിശീലന യുവജന ധ്യാനം
Saturday, August 2, 2014 8:06 AM IST
കാലിഫോര്‍ണിയ: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ (എംസിവൈഎം) എക്സാര്‍ക്കേറ്റ് തലത്തിലുളള നേതൃത്വ പരിശീലന ക്ളാസും ധ്യാനവും ജൂലൈ 21 മുതല്‍ 24 വരെ ലോസ് ആഞ്ചലസില്‍ നടന്നു.

നേതൃത്വ നിരയിലുളള യുവജനങ്ങള്‍ക്ക് ഒത്തുവരാനും സഭയുടെ ഭാവി സ്വപ്നങ്ങളെ പരിപോഷിപ്പിക്കാനുമുളള അസുലഭമായ അവസരമായിരുന്നു ഈ കൂടി വരവ്. 21ന് ആരംഭിച്ച ധ്യാനത്തില്‍ മൂന്നു തരത്തിലുളള നേതൃ പാഠങ്ങള്‍ ചര്‍ച്ച ചെയ്തു.

പഴയ നിയമത്തിലുളള നേതൃനിരയെ സംബന്ധിച്ച ക്ളാസുകള്‍ നയിച്ചത് ഡോ. റോയി ഏബ്രഹാം വര്‍ഗീസായിരുന്നു. അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ അവതരണം യുവജനങ്ങളെ പഴയ നിമയ നേതൃത്വ ആധ്യാത്മികതയിലേക്ക് ഉയര്‍ത്തി. യേശുവിന്റെയും അപ്പോസ്തലന്മാരുടെയും നേതൃഗുണങ്ങളെപറ്റി ലോസാഞ്ചല്‍സ് അതിരൂപതയിലെ യുവജന കോ ഓര്‍ഡിനേറ്റേഴ്സ് ഡഗ്ളസ്, കാത്തി എന്നിവര്‍ പ്രസംഗിച്ചു.

വര്‍ത്തമാനകാല നേതൃത്വത്തെപറ്റി തോമസ് മാര്‍ യൌസേബിയോസ് തിരുമേനി ക്ളാസെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സേവന നേതൃത്വമാണ് നമുക്കാവശ്യം സുവിശേഷം നമുക്ക് നല്‍കുന്ന പവിത്രവും സനാതനവുമായ മൂല്യം ഈ ശുശ്രൂഷാ ശൈലിയാണ്. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായുടെ ലളിതവും ഹൃദ്യവും ശുദ്ധവുമായ നേതൃത്വ ശൈലിയിലേക്ക് അനുരൂപമാക്കപ്പെടാന്‍ യുവജനങ്ങളെ തിരുമേനി ആഹ്വാനം ചെയ്തു. ബിനു ഏബ്രഹാം സംവാദങ്ങള്‍ക്ക് നേതൃത്വം നില്‍കി. എംസിവൈഎം എക്സാര്‍ക്കേറ്റ് ഡയറക്ടര്‍ ഫാ. സണ്ണി മാത്യു പ്രസിഡന്റ് ജോയല്‍ ജോര്‍ജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്