ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന് ഫിലാഡല്‍ഫിയ ഒരുങ്ങി
Friday, August 1, 2014 6:22 AM IST
ഫിലാഡല്‍ഫിയ: ഓഗസ്റ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ ഫിലാഡല്‍ഫിയായിലെ ശ്രീനാരായണ നഗറില്‍ നടക്കുന്ന ദൈവ ദശകം ശതാബ്ദി ആഘോഷവും ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനും അവിസ്മരണീയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അമേരിക്കയില്‍ ആദ്യമായി ഒരു ഗുരുദേവ മന്ദിരം സ്ഥാപിക്കുകയും ഗുരുദേവ ദര്‍ശനങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന പഠന കളരികള്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷനാണ് ഈ ചരിത്ര മുഹൂര്‍ത്വത്തിന് നേതൃത്വം നല്‍കുന്നത്.

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവഗിരിയിലെ അന്തേവാസികളായിരുന്ന അനാഥക്കുഞ്ഞുങ്ങള്‍ക്കായി ഗുരുദേവന്‍ രചിച്ച പ്രാര്‍ഥനാഗീതം ഇന്നും സാര്‍വ ലൌകിക ശോഭയോടെ വാഴ്ത്തപ്പെടുന്നത്. ഗുരു കണ്െടത്തിയ അദ്വൈത സത്ത ലളിതവും സമഗ്രവുമായി കേവലം പത്ത് പദ്യങ്ങള്‍ അടങ്ങിയ ഈ കൊച്ചു കൃതിയില്‍ ആലേഖനം ചെയ്തിരിക്കുന്നു എന്നതിനാലാണ്. ശുദ്ധമായ മലയാള ഭാഷയില്‍ രചിക്കപ്പെട്ട ഈ ദൈവോപനിഷത്ത് ഇന്ന് സര്‍വസമാശ്ളേഷിയായ ഒരു പ്രാര്‍ഥന ഗീതമായി ആദരിക്കപ്പെടുന്നു. ദൈവ ദശകത്തിന്റെ നൂറാം പിറന്നാള്‍ ലോകമെമ്പാടും ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ ധന്യ വേളയില്‍ അതോടനുബന്ധിച്ച് ഒരു സംഗമം സപ്തസാഗരങ്ങളും കടന്ന് നടത്തപ്പെടുന്നു എന്നത് ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നു.

ഓഗസ്റ് എട്ടിന് (വെള്ളി) വിളംബര ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ സമാരംഭിക്കും. തുടര്‍ന്ന് കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റിനെ പ്രതിനിധീകരിച്ചുകൊണ്ട്് സച്ചിദാനന്ദ സ്വാമികള്‍ നിര്‍വഹിക്കും. പ്രമുഖ വാഗ്മിയും ശ്രീനാരായണ ധര്‍മ്മ പ്രചാരകനുമായ ഡോ. ബി. അശോക് ഐഎഎസ് (വൈസ് ചാന്‍സിലര്‍, കേരള വെറ്റിറിനറി സര്‍വകലാശാല) മുഖ്യ പ്രഭാഷണം നടത്തും. ബോധി തീര്‍ഥ സ്വാമികളുടെ അനുഗ്രഹ പ്രാഭാഷണത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ ആശംസ അര്‍പ്പിച്ചു പ്രസംഗിക്കും. കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കല്ലുവിള വാസുദേവന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സെക്രട്ടറി പ്രസാദ് കൃഷ്ണന്‍ സ്വഗതമോതും.

രാത്രി ഒമ്പതു മുതല്‍ അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. സംഗമ വേദിയെ ധന്യമാക്കി നൂറ്റിയൊന്ന് പേര്‍ അണി നിരക്കുന്ന ദൈവ ദശകം ആലാപനം, വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധര്‍ നയിക്കുന്ന പ്രഭാഷണങ്ങള്‍ ചര്‍ച്ചാ ക്ളാസുകള്‍, കുട്ടികള്‍ക്കായുള്ള മെറിറ്റ് അവാര്‍ഡ് വിതരണം, ആദ്യകാല സംഘാടകരെ ആദരിക്കല്‍, വാഗ്മിയും മാധ്യമ പ്രവര്‍ത്തകനുമായ സജീവ് കൃഷ്ണന്‍ ഡോ. പല്‍പ്പുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'ദൈവത്തിന്റെ പടത്തലവന്‍' എന്ന കൃതിയുടെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രകാശനം, ജെഫേഴ്സണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. സെല്‍വന്‍ നയിക്കുന്ന യോഗാ പരിശീലനം, ധ്യാനം, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വിവിധ പരിപാടികള്‍, പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള കണ്‍വന്‍ഷന്‍ രാവിനെ സംഗീത സാന്ദ്രമാക്കും.

ഓഗസ്റ് 10 ന് രാവിലെ ഒമ്പതിന് നടക്കുന്ന പൊതുയോഗത്തില്‍ കണ്‍വന്‍ഷന്‍ സംബന്ധിച്ച പ്രത്യേക അവലോകനവും ഭാവി പരിപാടികളുടെ ആസൂത്രണവും ചര്‍ച്ചാ വിഷയമാകും. 11 ന് ചടങ്ങുകള്‍ സമാപിക്കും. തുടര്‍ന്ന് ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തിലേക്ക് തീര്‍ഥാടനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കും.

അഡ്വ. കല്ലുവിള വാസുദേവന്‍ (ചെയര്‍മാന്‍), അനിയന്‍ തൈയില്‍ (വൈസ് ചെയര്‍മാന്‍), മുരളി കൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), പ്രസാദ് കൃഷ്ണന്‍ (സെക്രട്ടറി), അനു രാജ് (ട്രഷറര്‍), ശ്രീനിവാസന്‍ ശ്രീധരന്‍ (എസ്എന്‍എ സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘാടക സമിതിയില്‍ ദേശീയ തലത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പബ്ളിസിറ്റി കണ്‍വീനര്‍ രവികുമാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍