ട്രോളിംഗ് അവസാനിച്ചു; സൌദിയിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ചെമ്മീന്‍ ചാകരക്കായി ബോട്ടുകള്‍ കടലിലിറങ്ങും
Friday, August 1, 2014 6:16 AM IST
ദമാം: ആറു മാസത്തെ ട്രോളിംഗ് നിരോധനത്തിനുശേഷം വെള്ളിയാഴ്ച രാത്രി മുതല്‍ കിഴക്കന്‍ പ്രവിശ്യയിലെ ബോട്ടുകള്‍ ചെമ്മീന്‍ ചാകരക്കായി കടലിലേക്ക് ഇറങ്ങും.

ദമാം, ഖതീഫ്, അല്‍കോബാര്‍, ജുബൈല്‍, ഖഫ്ജി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചെമ്മീന്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെടുന്നതിനുള്ള ബോട്ടുകള്‍ കടലിലിറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

കടലില്‍ ദമാമിനും ബഹ്റിനുമിടയിലുള്ള മേഖലകളില്‍നിന്നായിരിക്കും കൂടുതല്‍ ചെമ്മീന്‍ ലഭിക്കാന്‍ സാധ്യതയെന്ന് പ്രവിശ്യയിലെ ചെമ്മീന്‍ മത്സ്യബന്ധന സമിതി തലവന്‍ ജാഫര്‍ അല്‍ സഫ് വാനി പറഞ്ഞു.

രണ്ടു തരം ബോട്ടുകളാണ് ചെമ്മീന്‍ പിടിക്കുന്നതിനായി കടലിലിറങ്ങുക. ഇതില്‍ ചെറു ബോട്ടുകള്‍ ആദ്യദിവസം തന്നെ ചെമ്മീന്‍ മത്സ്യങ്ങളുമായി തിരിച്ചെത്തുമ്പോള്‍ വലിയ ബോട്ടുകള്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തിരിച്ചെത്തുക.

വിപണിയില്‍ 45 റിയാല്‍ വരെ വിലയുള്ള ചെമ്മീന്‍ സീസണ്‍ ആരംഭിക്കുന്നതോടെ കിലോയ്ക്ക് 10 റിയാലിനു വരെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സഫ് വാനി പറഞ്ഞു.

ചെമ്മീന്‍ സീസണ്‍ കണക്കിലെടുത്ത് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കിഴക്കന്‍ പ്രവിശ്യ അതിര്‍ത്തി സേനാവിഭാഗം വാക്താവ് ബ്രിഗേഡിയര്‍ ഖാലിദ് ഖലീഫ അല്‍ അര്‍ഖുബി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം