ഡോ. ജോര്‍ജ് ചെറിയാന്‍ നിര്യാതനായി
Wednesday, July 30, 2014 8:35 AM IST
ബ്രിസ്ബന്‍: സിനിമാനടനും പ്രവാസി മലയാളിയും പ്രമുഖ ആര്‍ക്കിടെക്ടുമായ ഡോ. ജോര്‍ജ് ചെറിയാന്‍ (തങ്കച്ചന്‍ - 63) ഓസ്ട്രേലിയയില്‍ നിര്യാതനായി.

മോണ്ട് ഗ്രവാറ്റ് ചാപ്പലില്‍ പൊതു ദര്‍ശനനത്തിനുവച്ച ശേഷം മൃതദേഹം ഓഗസ്റ് മൂന്നിന് (ഞായര്‍) രാവിലെ എറണാകുളം ഏരൂര്‍ ഷിപ്പ് ഹൌസില്‍ എത്തിക്കും. തുടര്‍ന്ന് വൈകുന്നേരം ചെങ്ങന്നൂരുള്ള വസതിയില്‍ എത്തിച്ച് നാലിന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് 2.30ന് തോമസ് മാര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇടനാട് ശാലോം മാര്‍ത്തോമ പള്ളിയില്‍ സംസ്കരിക്കും.

ചെങ്ങന്നൂര്‍ ഇടനാട് തെക്കെപ്പുറത്ത് പാനൂര്‍ പരേതനായ കെ.ജി ജോര്‍ജിന്റെ പുത്രനാണ്. ഭാര്യ: വെണ്ണിക്കുളം വാളക്കുഴി പുതുക്കുടി കുടുംബാംഗവും ബ്രിസ്ബന്‍ കെപ്പേറ മെഡിക്കല്‍സില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. അന്നമ്മ ചെറിയാന്‍ (റോജ).

മക്കള്‍: റോഷന്‍ (ആര്‍ക്കിടെക്ട് ദോഹ ഡിസൈന്‍ സെന്റര്‍, ഖത്തര്‍), റോണി (എന്‍ജിനിയര്‍, ബ്രിസ്ബന്‍). മരുമകള്‍: അനു റോഷന്‍ (വെണ്ണിക്കുളം കല്ലാകുന്നേല്‍ കുടുംബാംഗം).

സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ വിവിധ രാജ്യങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം സിനിമാരംഗത്ത് ചെറിയാന്‍ജി എന്നാണ് അറിയപ്പെട്ടിരുന്നത്.

തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജില്‍നിന്നും റാങ്കോടെ എന്‍ജിനിയറിംഗ് പാസായ ചെറിയാന്‍ജി അമേരിക്കയില്‍നിന്നും ആര്‍ക്കിടെക്ടില്‍ ഡോക്ടറേറ്റും നേടി. തുടര്‍ന്ന് ഖത്തറില്‍ ദോഹ ഡിസൈന്‍ സെന്ററിന് തുടക്കം കുറിച്ചു. ഇതിനിടെ മലയാളം, കന്നട, തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. ചെറു ജീവിത കഥ എന്ന കവിതാ സമാഹാരം ഉള്‍പ്പെടെ നിരവധി സാഹിത്യ സൃഷ്ടികളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

താര സംഘടനയായ അമ്മ, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയവയില്‍ അംഗമായ ചെറിയാന്‍ജി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച എറണാകുളം ഏരൂര്‍ ലേബര്‍ ജംഗ്ഷനിലുള്ള ഷിപ്പ് ഹൌസ് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്