വൂസ്റര്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി
Wednesday, July 30, 2014 7:15 AM IST
വൂസ്റര്‍: വൂസ്റര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഭക്തി സാന്ദ്രമായി. തിരുനാളിനോട് അനുബന്ധിച്ച് നടന്ന റാസയിലും പ്രദക്ഷിണത്തിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

ഫാ. ജോസഫ് കറുകയില്‍, ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍, ഫാ. ബ്രയാന്‍ മാക് ഗിന്‍ലി തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലി മധ്യേ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും നടന്നു. ഫാ. തോമസ് പാറയടിയില്‍ തിരുനാള്‍ സന്ദേശം നല്‍കി. തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് ഭക്ത്യാദര പൂര്‍വമായ തിരുനാള്‍ പ്രദക്ഷിണത്തിന് തുടക്കമായി.

പ്രദക്ഷിണം തിരികെ പളളിയില്‍ പ്രവേശിച്ചശേഷം തിരുശേഷിപ്പ് വണക്കവും ഊട്ട് നോര്‍ച്ചയും നടന്നു. തിരുനാളിനോട് അനുബന്ധിച്ചുളള റാസ കുര്‍ബാന വെളളിയാഴ്ച്ച നടന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ന്‍ഡ് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ജോസഫ് കറുകയില്‍ റാസ കുര്‍ബാനയില്‍ മുഖ്യകാര്‍മികനായി. ജൂലൈ 21 നാണ് ഒരാഴ്ച്ചക്കാലം നീണ്ട വൂസ്റര്‍ തിരുനാളിന് കൊടിയേറിയത്.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍