തേലപ്പിള്ളില്‍ സക്കറിയ കോര്‍എപ്പിസ്കോപ്പായുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു
Wednesday, July 30, 2014 7:15 AM IST
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരി തേലപ്പിള്ളില്‍ സക്കറിയ കോര്‍എപ്പിസ്കോപ്പായുടെ ഷഷ്ടിപൂര്‍ത്തിയും ഇടവക മെത്രാപോലീത്ത എല്‍ദോ മോര്‍ തീത്തോസ് തിരുമനസിന്റെ ജന്മദിനവും ഒരുമിച്ച് ജൂലൈ 26 ന് (ശനി) വൈകുന്നേരം ഇടവക മെത്രാപോലീത്ത എല്‍ദോ മോര്‍ തീത്തോസ് തിരുമനസിന്റെ മഹനീയ സാന്നിധ്യത്തില്‍ ഇടവക ഒന്നുചേര്‍ന്ന് സമുചിതം ആഘോഷിച്ചു. വിവിധതരം പരിപാടികളുമായി ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയോടുകൂടി ആരംഭിച്ച ഷഷ്ടിപൂര്‍ത്തി ആഘോഷം ഏകദേശം നാലു മണിക്കൂര്‍ നീണ്ട ഒരു വിരുന്നുതന്നെയായിരുന്നു. സന്ധ്യാപ്രാര്‍ഥനക്കുശേഷം തിരുമേനിയേയും അച്ചനേയും എല്ലാവരും ചേര്‍ന്ന് സ്റേജിലേക്ക് ആനയിച്ചു.

തുടര്‍ന്ന് ഗായകസംഘം തിരുമേനിയോട് ചേര്‍ന്ന് പ്രാര്‍ഥനാഗാനം ആലപിച്ചു അതിനുശേഷം ട്രസ്റ്റി റോയ് മാത്യു സ്വാഗതം ആശംസിച്ചു. തിരുമേനി ആമുഖപ്രസംഗം നടത്തിക്കൊണ്ട് ആഘോഷപരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന അച്ചന് എല്ലാവിധമായ പ്രാര്‍ഥനാമംഗളങ്ങള്‍ നേരുന്നു എന്നും 33 വര്‍ഷം ഈ ഭദ്രാസനത്തില്‍ ഒരു പള്ളിയില്‍ തന്നെ അതും ഒത്തൊരുമയോടും സ്നേഹത്തോടും വികാരിയായി സേവിക്കുന്ന ഒരേയൊരു വൈദീകന്‍ തേലപ്പിള്ളില്‍ അച്ചനാണെന്നും തിരുമേനി തന്റെ സന്ദേശത്തില്‍ കല്‍പ്പിച്ചു. ഈ ഇടവകയെ തുടര്‍ന്നും അഭിവ്യദ്ധിയിലേയ്ക്കു നയിക്കാന്‍ അച്ചന് ആയുസും ആരോഗ്യവും നല്‍കുവാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും തിരുമേനി ഓര്‍മിപ്പിച്ചു.

പരിചയപ്പെട്ട നാള്‍ മുതല്‍ മരുമകന്റെ സ്ഥാനം തന്ന് എല്ലാവിധമായ പിന്തുണയും നല്‍കിയ അച്ചന് എല്ലാവിധമായ ഐശ്വര്യങ്ങളും ദൈവം നല്‍കട്ടെയെന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി എബി അച്ചന്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഏകദേശം 353ളം ഇടവകാംഗങ്ങള്‍ ചേര്‍ന്നു ക്രിസ്തീയഗാനങ്ങള്‍ ആലപിച്ചത് ഒരു വേറിട്ട അനുഭവമായി. അതിനുശേഷം ഇടവകയുടെ അഭിമാനമായ ജിനൂ വര്‍ഗീസ് യേശുക്ര്സതുവിന്റെ ജീവിതത്തെ ആസ്പദമാക്കി ജിനു തന്നെ ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഒരു ക്ളാസിക്കല്‍ ഡാന്‍സ് രൂപം എല്ലാവരേയും അത്ഭുതപ്പെടുത്തി. തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍ ഇടവകയിലെ കുഞ്ഞുമക്കള്‍ അവതരിപ്പിച്ചത് വളരെ നയനാനന്ദരമായിരുന്നു.

ടി.കെ വര്‍ഗീസ്, സ്കറിയ പി. തോമ്മസ്, ഫിലിപ്പ് സ്കറിയ, ഡോ. ഷോണ്‍ വര്‍ഗീസ്, ഷെവലിയര്‍ ചെറിയാന്‍ ആന്‍ഡ്രൂസ്, ഗ്രേസ് വര്‍ഗീസ് എന്നിവര്‍ അച്ചന് ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. യൂത്തിന്റെ ആഭിമുഖ്യത്തില്‍ അച്ചന്റെ മുന്‍കാലത്തിലേക്കുള്ള ഒരെത്തിനോട്ടം ഒരു ഫോട്ടോ സ്ളൈഡ് ഷോയിലൂടെ കാണിച്ചത് എല്ലാവരേയും കഴിഞ്ഞകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് തിരുമനസിന്റേയും അച്ചന്റേയും പിറന്നാള്‍ കേക്ക് മുറിക്കുകയും ഇടവകയുടെ സ്നേഹത്തിന്റെ പ്രതീകമായി ഇടവകാംഗങ്ങള്‍ എല്ലാവരും ഒപ്പിട്ട ഒരു ഫോട്ടോ ഫ്രയിമും പ്ളാക്കും ഇടവകയുടെ ഉപഹാരവും തിരുമനസുകൊണ്ട് അച്ചന് നല്‍കുകയുണ്ടായി. ഇടവകയുടെ സ്നേഹാദരവിന്റെ ഭാഗമായി തിരുമേനി അച്ചനെ പൊന്നാട അണിയിച്ചു.

ഈ സ്നേഹാദരവുകള്‍ക്ക് താന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഈ ഇടവക ഇന്നുവരെ നല്‍കിയിട്ടുള്ള എല്ലാവിധമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും അച്ചന്‍ തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ഒന്നും ആഗ്രഹിച്ചിട്ടല്ല ഇന്നുവരെ ഈ ഇടവകയെ ശ്രുശ്രൂഷച്ചിട്ടുള്ളതെന്നും ഇനിയും ങ്ങിനെതന്നെയായിരിക്കുമെന്നും അച്ചന്‍ സൂചിപ്പിച്ചു. കഴിഞ്ഞ 34 വര്‍ഷമായി എന്റെ ദുഖത്തിലും സന്തോഷത്തിലും ഒരു നിഴലായി കൈത്താങ്ങായി എന്നും കൊച്ചമ്മ ഉണ്ടായിരുന്നെന്നും അച്ചന്‍ ഓര്‍മിപ്പിച്ചു. ആഘോഷപരിപാടികളില്‍ ആദ്യാവസാനം പങ്കെടുത്ത തിരുമേനിക്ക് അച്ചന്‍ വിനയത്തോടെ നന്ദി പറഞ്ഞു.

അച്ചനോടുള്ള സ്നേഹത്തെപ്രതി സഹോദര ഇടവകകളില്‍ നിന്നും വന്ന എല്ലാവര്‍ക്കും അച്ചന്‍ പ്രത്യേകം നന്ദി അറിയിച്ചു. പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചഎല്ലാവര്‍ക്കും അച്ചന്‍ നന്ദി അറിയിച്ചു. പരിപാടികള്‍ ആദ്യാവസാനം നിയന്ത്രിച്ച് വളരെ ഭംഗിയായി നടത്തിയത് രാജേഷ് ചാക്കോയും റാണി സ്കറിയയുമായിരുന്നു. ഇടവക വൈസ് പ്രസിഡന്റ് ജോജി കുര്യാക്കോസ് എല്ലാവര്‍ക്കുമുള്ള നന്ദി അറിയിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നോടുകൂടി പരിപാടികള്‍ അവസാനിച്ചു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം