കെഎച്ച്എന്‍എ ഹിന്ദു സംഗമം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
Tuesday, July 29, 2014 3:55 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015 ജൂലൈ രണ്ടു മുതല്‍ ആറു വരെ ഡാളസില്‍ നടക്കുന്ന ദേശീയ ഹിന്ദു സംഗമത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ആദ്യ ആഴ്ചയില്‍ തന്നെ എഴുപതില്‍ അധികം രജിസ്ട്രേഷന്‍ ഓണ്‍ലൈനിലൂടെ ലഭിച്ചുവെന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു.

ഹിന്ദുക്കളുടെ അഖണ്ഡതയും ഐക്യവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയായി ഇതിനെ കാണുന്നുവെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 2015-ലെ ഡാളസ് കണ്‍വന്‍ഷനിലൂടെ ടെക്സസിനെ ഒരു ഹിന്ദു സംഗമ സാഗരം ആക്കുവാനുള്ള തീവ്ര പരിശ്രമത്തിന്റെ ഭാഗമായി ആണ് ഇത്രയും നേരത്തെ തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചത്. ആയിരക്കണക്കിന് ഹൈന്ദവ കുടുംബങ്ങള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ കേരളീയ സാംസ്കാരിക തനിമ നിലനിര്‍ത്തി, പൈതൃകമായി നമുക്ക് ലഭിച്ചുവന്ന നൃത്തനാട്യ സംഗീത സംഗമ വേദി, ഹൈന്ദവ സംസ്കാരം വിളിച്ചറിയിക്കുന്ന വിവിധ പരിപാടികള്‍, സെമിനാറുകള്‍, മതപ്രഭാഷണങ്ങള്‍, വിവിധ കലാമത്സരങ്ങള്‍ എന്നിങ്ങനെ നിരവധി പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ആപ്തവാക്യം മുന്‍നിര്‍ത്തിയുള്ള കെഎച്ച്എന്‍എയുടെ കര്‍മ്മ പരിപാടികള്‍ക്ക് എല്ലാ ഹിന്ദു വിശ്വാസികളുടേയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

കെഎച്ച്എന്‍എയുടെ പ്രവര്‍ത്തനങ്ങള്‍ ഒരുപടികൂടി ശക്തിപ്പെടുത്തി മുന്നോട്ടുപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ പറഞ്ഞു. കെഎച്ച്എന്‍എ നടത്തിവരുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഏവരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ ഹൈന്ദവ വിശ്വാസികളേയും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഭാഷയില്‍ ഒരിക്കല്‍കൂടി ഹൈന്ദവ നഗറിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍ പ്രസ്താവിച്ചു.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വളരെ ലളിതമായ രീതിയില്‍ പൂര്‍ത്തിയാക്കാവുന്ന തരത്തിലും അതോടൊപ്പം പത്തുമാസ തവണകളായും രജിസ്റര്‍ ചെയ്യാവുന്നതാണെന്ന് ട്രഷറര്‍ രാജു പിള്ള അറിയിച്ചു. രജിസ്ട്രേഷന്‍ കമ്മിറ്റി സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎച്ച്എന്‍എ വെബ്സൈറ്റ് സന്ദര്‍ശിക്കുക: ംംം.ിമാമവമ.ീൃഴ സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം