ഉംറ യാത്രികര്‍ നെട്ടോട്ടം; ഉംറ കമ്പനികള്‍ക്ക് ചാകര
Monday, July 28, 2014 4:34 AM IST
റിയാദ്: റമദാനിലെ അവസാന പത്തുകളില്‍ പരിശുദ്ധ ഹറമിലെത്താനും ഉംറ നിര്‍വഹിക്കാനുമായി വിശ്വാസികള്‍ നെട്ടോട്ടമോടുമ്പോള്‍ ഉംറ കമ്പനികള്‍ ചാര്‍ജ് ഇരട്ടിയോളം വര്‍ധിച്ച് ചാകരകൊയ്ത്ത് നടത്തുന്നു.

റിയാദിലെ സാപ്റ്റ്കോ ബസ് സ്റാന്റിലും പരിസരങ്ങളിലും ബത്തയിലുമാണ് ഉംറ യാത്രികരെ കാത്ത് ഉമ്ര കമ്പനിയും ഏജന്റുമാരും ബസുകളും തമ്പടിച്ചിരിക്കുന്നത്. വാരാന്ത്യങ്ങളില്‍ ഉംറക്ക് പോകുന്ന ബസുകള്‍ ബത്തയിലും പരിസരങ്ങളിലും എല്ലാ ട്രാഫിക് നിയമങ്ങളും ലംഘിച്ചാണ് നിര്‍ത്തിയിടുന്നത്.

റമദാനിന്റെ ആദ്യ ദിവസങ്ങളില്‍ അംഗീകൃത ഉമ്ര ഫീസായ 90 റിയാലില്‍ തുടങ്ങിയ ഉമ്ര കമ്പനികള്‍ ഇപ്പോള്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെയാണ് തീര്‍ഥാടകരില്‍ നിന്നും ഈടാക്കുന്നത്. എന്നാലും മണിക്കൂറുകളോളം ബസിലിരുന്നാല്‍ മാത്രമാണ് റിയാദില്‍ നിന്നും യാത്ര പുറപ്പെടുന്നത്. സര്‍ക്കാര്‍ ബസുകളില്‍ സീറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട് മൂലം സ്വകാര്യ ഉംറ കമ്പനികളെയാണ് ഭൂരിപക്ഷവും ആശ്രയിക്കുന്നത്. വിദേശികള്‍ സന്ദര്‍ശക വീസയില്‍ കൊണ്ടു വന്ന കുടുംബങ്ങളുടെ വീസ താത്കാലികമായി പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ റമദാനില്‍ അവരോടൊപ്പം ഒരു ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് തിരിച്ചു പോകാന്‍ നില്‍ക്കുന്ന വിദേശികളും കുടുംബങ്ങളും ധാരാളമായി ഇത്തരം ബസുകളില്‍ മക്കയിലേക്ക് പോകുന്നുണ്ട്.

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന ഉംറ ബസുകള്‍ മൂലം മണിക്കൂറുകളോളമാണ് ബത്തയില്‍ ഗതാഗതകുരുക്കില്‍ വാഹനങ്ങള്‍ പെടുന്നത്. മിക്ക ഓഫീസുകളിലും ഈദുല്‍ ഫിത്വര്‍ അവധി ആരംഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ ഉമ്ര യാത്രികരുടെ തിരക്ക് ഇനിയും കൂടാനാണ് സാധ്യത.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍