പ്രവീണിന്റെ മരണം : നീതി തേടി ഒരു സമൂഹം
Saturday, July 26, 2014 8:13 AM IST
ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് കാര്‍ബണ്‍ഡെയാ സതേണ്‍ ഇല്ലിനോയ് യൂണിവേഴ്സിറ്റി കാമ്പസിനടുത്തു നിന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മോര്‍ട്ടണ്‍ ഗ്രോവ് സ്വദേശി പ്രവീണ്‍ വര്‍ഗീസ് (19) ന്റെ തിരോധാനത്തിനും സംശയാസ്പദമായ മരണത്തിനും പിന്നിലെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുന്നതിനുവേണ്ടി രൂപീകൃതമായ അയാന്‍ കൌണ്‍സില്‍ ജൂലൈ 22ന് (ചൊവ്വാ) മോര്‍ട്ടണ്‍ ഗ്രോവിലുളള പ്രവീണിന്റെ വസതിയില്‍ സമ്മേളിച്ചു. ഇരുപത്തഞ്ചോളം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഏബ്രഹാം മാര്‍ പൌലോസ് തിരുമേനിയും മറ്റ് വൈദികരും പങ്കെടുത്തു.

തുടര്‍ന്ന് നടത്തേണ്ട പരിപാടികളെപറ്റി വിശകലനം നടത്തുകയും തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു. യോഗത്തില്‍ ഫോമ ഫൊക്കാന നേതാക്കളായ ഗ്ളാഡ്സണ്‍ വര്‍ഗീസ്, മറിയാമ്മ പിളള എന്നിവരും വിവിധ സംഘടനകളെയും കമ്മിറ്റികളെയും പ്രതിനിധികരിച്ച് സ്റീഫന്‍ പാസ്റ്റര്‍, ചെറിയാന്‍ വെങ്കേടത്ത് തുടങ്ങിയവരും പങ്കെടുത്തു. യോഗത്തിന്റെ പ്രാരംഭമായി പ്രവീണിന്റെ മാതാവ് ലൌലി വര്‍ഗീസ് ഇതുവരെയുളള കേസിന്റെ പുരോഗതി വിശദീകരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ഫണ്ടുശേഖരണത്തിന്റെ വിശദവിവരങ്ങളും കണക്കുകളും യോഗത്തില്‍ അവതരിപ്പിച്ചു. കേസുമായി മുന്നോട്ട് പോകുന്നതിനുവേണ്ട സാമ്പത്തിക ചെലവുകളെ പറ്റി പ്രതിപാദിക്കപ്പെടുകയും അതിനുവേണ്ട ഉപാധികള്‍ കണ്െടത്തുന്നതിന്റെ ആവശ്യകത യോഗം വളരെ പ്രാധാന്യത്തോടെ കാണുന്നു എന്ന് അംഗങ്ങള്‍ വ്യക്തമാക്കുകയും തുടര്‍ന്നും ഫണ്ട് ശേഖരണവുമായി മുന്നോട്ട് പോകുമെന്ന് മറിയാമ്മ പിളളയും ഗ്ളാഡ് സണ്‍ തോമസും പറഞ്ഞു. നോര്‍ത്തമേരിക്കയില്‍ ഈ അടുത്ത കാലത്ത് കാണാതാവുകയും മരണപ്പെടകയും ചെയ്ത പ്രവാസി വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ സംഘടിപ്പിച്ച്, ഒരു കൂട്ടായ്മയോഗം സംഘടിപ്പിക്കുവാന്‍ പരിവാറിന്റെ നേതൃത്വത്തില്‍ തയാറെടുപ്പുകള്‍ നടന്ന് വരുന്നു.

കാര്‍ബണ്‍ഡെയ്ല്‍ യൂണിവേഴ്സിറ്റി അധികൃതരെ കാണുവാനും പ്രവീണ്‍ സംഭവത്തില്‍ അവരുടെ നിലപാടറിയുവാനും പ്രവാസ സമൂഹത്തിന്റെ ആശങ്കകള്‍ അറിയിക്കുവാനും യോഗം തീരുമാനിച്ചു. സോഷ്യല്‍ മീഡിയായുടെ സഹായത്തോടെ പൊതുസമൂഹത്തില്‍ നിന്നും പരമാവധി കത്തുകള്‍ ഈ ആവശ്യത്തിലേക്കായി സമാഹരിക്കുവാനും ജനങ്ങളുടെ ഇടയില്‍ നമുക്ക് നീതി ലഭിക്കേണ്ടിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്ന രീതിയില്‍ അന്വേഷണ പുരോഗതികള്‍ അതാത് സമയത്തു തന്നെ അറിയിക്കുവാനും യോഗത്തില്‍ ധാരണയായി. ഓഗസ്റ് പത്തിന് റോളിംഗ് മെഡോസില്‍ എഫ്ഐഎ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷത്തിലും തുടര്‍ന്ന് നടക്കുന്ന പത്രസമ്മേളനത്തിലും പ്രവീണ്‍ വിഷയം അവതരിപ്പിക്കുവാന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 16 ന് ഡിവോണില്‍ നടക്കുന്ന സ്വാതന്ത്യ്രദിന റാലിയില്‍ പ്രവീണ്‍ സംഭവത്തിന്റെ സത്യാവസ്ഥ തേടി, ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു ഫ്ളോട്ടും അവതരിപ്പിക്കുന്നു, അതോടനുബന്ധിച്ച് മലയാളി സമൂഹം ഒന്നാകെ ഡിവോണില്‍ എത്തി പിന്തുണ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

ഓഗസ്റ്റ് 30 ന് ശ്രുതിലയ സംഗീത അക്കാദമിയുടെ നേതൃത്വത്തില്‍ ലാമോണ്ട ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങിലും ആക്ഷന്‍ കൌണ്‍സില്‍ പങ്കെടുക്കുന്നതും കാര്യങ്ങള്‍ വിശദീകരിക്കുന്നതും ആണ്. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ കാര്യങ്ങളില്‍ലൊക്കെയും സഹകരണവും സഹായവും ആയി മുന്നോട്ട് വരണമെന്നും യോഗം ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് യോഗാന്ത്യത്തില്‍ മാര്‍ത്തോമ സഭയിലെ തിരുമേനി ഡോ. ഏബ്രഹാം മാര്‍ പൌലോസ് ഈ ഒരു സംഭവം ഇന്ത്യാഗവണ്‍മെന്റ് തലത്തില്‍ അന്വേഷിക്കേണ്ടതിന്റെ പ്രാധാന്യവും ഇതു പോലെയുളള സംഭവങ്ങള്‍, ന്യൂനപക്ഷ കുടുംബങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷയില്‍ ആശങ്കപ്പെടുന്നതിന് കാരണമാകുന്നുവെന്നും അഭിപ്രായപ്പെട്ടു. മേലില്‍ യാതൊരു വ്യക്തിക്കും ഇതുപോലെയുളള നീതി നിഷേധവും മനുഷ്യാവകാശ ധ്വംസനവും നിറഞ്ഞ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നതായി തിരുമേനി കുടുംബത്തെ അറിയിച്ചു.

റിപ്പോര്‍ട്ട്:ബെന്നി പരിമണം