അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിനുളള അപേക്ഷകള്‍ കുറയുന്നു
Saturday, July 26, 2014 2:32 AM IST
വാഷിംഗ്ടണ്‍: തൊഴിലില്ലായ്മാ വേതനം വാങ്ങുവാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ജൂലൈ 23 രാവിലെ പുറത്തുവിട്ട സര്‍വ്വേയില്‍ ചൂണ്ടി കാണിക്കുന്നു. എട്ടു വര്‍ഷങ്ങള്‍ക്കുളളില്‍ ആദ്യമായാണ് ഇത്രയും കുറവ് അപേക്ഷകള്‍ ലഭിക്കുന്നത്.

ജൂലൈ 19 ന് അവസാനിച്ച ആഴ്ചയില്‍ ശരാശരി 19,000 അപേക്ഷകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചതും നിലവിലുളള തൊഴിലാളികളെ പിരിച്ചു വിടാത്തതുമാണ് അപേക്ഷകരുടെ എണ്ണം കുറയുവാന്‍ കാരണമായതെന്ന് സര്‍വ്വേ ഫലം വെളിപ്പെടുത്തുന്നു.

സൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും അനുഭവപ്പെട്ട അമേരിക്ക സാവകാശം ഇതില്‍ നിന്നും കരകയറുന്നതായാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഓട്ടോ ഇന്‍ട്രസ്ട്രിയിലെ താല്ക്കാലിക തൊഴില്‍ സ്തംഭനം വീണ്ടും തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമോ എന്നും ഇവര്‍ ഭയപ്പെടുന്നു.

അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതോടെ തൊഴില്‍ നഷ്ടപ്പെട്ട അമ്പതിനും, അറുപതിനും ഇടയില്‍ പ്രായമുളളവര്‍ ഭൂരിപക്ഷവും മറ്റൊരു തൊഴില്‍ കണ്െടത്തുവാന്‍ പാടുപെടുകയാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍