നോര്‍വിച്ചില്‍ തിരുനാളും മാര്‍ മാത്യു അറയ്ക്കിലിന് സ്വീകരണവും
Friday, July 25, 2014 5:19 AM IST
നോര്‍വിച്ച്: ഈസ്റ് ആംഗ്ളിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ നോര്‍വിച്ചില്‍ ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി. മുഖ്യ കാര്‍മ്മീകരായി മാര്‍ മാത്യു അറയ്ക്കലും, ഈസ്റ് ആംഗ്ളിയായുടെ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഡോ. അലന്‍ ഹോപ്സും പങ്കെടുത്തുകൊണ്ട് തിരുന്നാളിന് ആത്മീയ ശോഭ പകര്‍ന്നു. നോര്‍വിച്ചിലെ ഹോളി അപ്പൊസ്റല്‍സ് കാത്തലിക്ക് ചര്‍ച്ചില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ ഈസ്റ് ആംഗ്ളിയായുടെ സീറോ മലബാര്‍ ചാപ്ളിന്‍ റവ.ഫാ.മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ സഹകാര്‍മ്മീകത്വം വഹിച്ചു.വി.അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹ മദ്ധ്യസ്ഥതക്കും, ബഹുമാനാര്‍ത്തവുമായി നടത്തിയ തിരുന്നാള്‍ ലദീഞ്ഞ്,പ്രദക്ഷിണം, നൊവേന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ച വിതരണവും നടന്നു.

തിരുന്നാള്‍ ശുശ്രുഷക്കു ശേഷം നോര്‍വിച്ച് അക്കാദമി ഹാളില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ വെച്ച് മുഖ്യാതിതികള്‍ക്ക് ഉജ്ജ്വല സ്വീകരണം ആണ് ഒരുക്കിയിരുന്നത്. കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യയുടെ ലെയിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പദവി നേടിയ ശേഷം ആദ്യമായി യു കെ യില്‍ എത്തിയ അഭിവന്ദ്യ അറക്കല്‍ പിതാവിനും,ഈസ്റ് ആംഗ്ളിയാ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് അലന്‍ ഹോപ്പ്സിനും,ആഗോള കത്തോലിക്കാ സഭയില്‍ അത്മായര്‍ക്കു സഭാ പ്രവര്‍ത്തനത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായ ഷെവലിയാര്‍ പദവി നേടി പ്രഥമ യു കെ സന്ദര്‍ശനത്തിനെത്തിയ അഡ്വ. വി.സീ.സെബാസ്റ്യനും ഗംഭീര സ്വീകരണമാണ് നോര്‍വിച്ചുകാര്‍ നല്കിയത്.

തുടര്‍ന്ന് നടന്ന കലാസന്ധ്യ വൈവിദ്ധ്യമാര്‍ന്ന മികവുറ്റ കലാ പരിപാടികള്‍ ആഘോഷത്തെ വര്‍ണ്ണാഭമാക്കി. പാഷന്‍ ഓഫ് ക്രെെസ്റ് ആസ്പദമാക്കി ഡോ. മിനി നെല്‍സണ്‍ തയ്യാറാക്കി സംവിധാനം ചെയ്ത ബൈബിള്‍ സ്കിറ്റ് ഏവരുടെയും മുക്തകണ്ടമായ പ്രശംസ പിടിച്ചു പറ്റി. ആതുര സേവന രംഗത്തെ പൊന്‍ തിളക്കം സാമൂഹ്യ,സാംസ്കാരിക ആത്മീയ രംഗങ്ങളിലും കൂടുതല്‍ ശോഭയോടെ ഡോ.മിനി കാത്തു പരിപാലിക്കുന്നു എന്നത് ഏവരുടെയും കയ്യടി നേടിക്കൊടുത്തു. തിരുന്നാള്‍ കമ്മിറ്റി ഒരുക്കിയ ചെണ്ട മേളവും,വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഏവരും ആസ്വദിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ