ഹൂസ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം മഹാ കുംഭാഭിഷേകം 2015 ഏപ്രിലില്‍
Friday, July 25, 2014 5:18 AM IST
ഹൂസ്റണ്‍: അമേരിക്കയിലെ ഹിന്ദു മത വിശ്വാസികള്‍ കാത്തിരുന്ന സുദിനം സമാഗതമാവുന്നു. ഹൂസ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകവും പ്രതിഷ്ഠാദിനവും 2015 ഏപ്രിലില്‍ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു .അനേകം ഭക്തരുടെയും അഭ്യുദയകാംക്ഷികളുടെയും വര്‍ഷങ്ങള്‍ നീണ്ട ആത്മാര്‍പ്പണത്തിന്റെയും , അചഞ്ചലമായ ഭക്തിയുടെയും ചിറകിലേറി ഹൂസ്റണില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ക്ഷേത്രം, അമേരിക്കയുടെ മണ്ണില്‍ ചരിത്രപരമായ ഒരു വഴിത്തിരിവിനു സാക്ഷ്യം വഹിക്കുകയാണ്. . നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കള്‍ക്ക് ആകെ അഭിമാനകരമായ ക്ഷേത്രത്തിന്റെ നിര്‍മാണം ദ്രുത ഗതിയില്‍ പുരോഗമിക്കുന്നു .

ക്ഷേത്രത്തിന്റെ മൂന്നാമത് ഫണ്ട് റൈസിംഗ് പരിപാടി നൂറുകണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തില്‍ വിജയകരമായി നടന്നു. ആത്മീയ പ്രഭാഷകന്‍ എന്ന നിലയില്‍ ആഗോളപ്രശസ്തനായ സ്വാമി ഉദിത് ചൈതന്യ, സീതാറാം ഫൌണ്േടഷന്‍ പ്രസിഡന്റ് ഡോ അരുണ്‍ വര്‍മ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് , പ്രശസ്ത കര്‍ണാടക സംഗീതന്ജന്‍ ശങ്കരന്‍നമ്പുതിരിയുടെ ഭക്തി മധുരം തുളുമ്പിയ കച്ചേരിയും കലാമണ്ഡലം ശ്രീദേവി ടീച്ചര്‍ ,പ്രശസ്ത സിനിമാ താരം ദിവ്യ ഉണ്ണി എന്നിവരുടെ മേല്‍നോട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട നൃത്ത നൃത്യങ്ങളും മിഴിവേകി .

ഹൂസ്റണില്‍ ഉയര്‍ന്നു വരുന്ന ക്ഷേത്രം ആ നാടിനുണ്ടാക്കുന്ന നന്മ അനിര്‍വചനീയം ആണെന്ന് സ്വാമിജി അഭിപ്രായപ്പെട്ടു .കെ എച് എസ് പ്രസിഡന്റ് ഷണ്മുഖന്‍ വല്ല്യുലിശ്ശേരി ക്ഷേത്ര നിര്‍മാണത്തിന്റെ പുരോഗതി വിവരിച്ചു .ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ബിജു പിള്ള ക്ഷേത്രത്തിന്റെ രൂപകല്‍പനയുടെ പ്രത്യേകതകള്‍ സദസിനെ ബോധ്യപ്പെടുത്തി. സെക്രെടറി രൂപേഷ് അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്റ് രാജഗോപാല പിള്ള, ഫണ്ട് റയ്സിംഗ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, ട്രഷറര്‍ അശോകന്‍ കേശവന്‍ , ഇവന്റ് ഡയറക്ടര്‍ സത്യന്‍ പിള്ള തുടങ്ങിയവര്‍ ക്ഷേത്ര നിര്‍മാണത്തിന്റെ നാള്‍ വഴികളെക്കുറിച്ചും, വിവിധ ഭക്തര്‍ നല്‍കിയ സംഭാവാനകളെക്കുറിച്ചും സ്മരിച്ചു കൊണ്ട്, ക്ഷേത്രം അതിന്റെ പൂര്‍ണതയിലേക്ക് നീങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള വിശിഷ്യാ അമേരിക്കയിലെ വിശ്വാസികളില്‍ നിന്നും കൂടുതല്‍ സഹായം ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തു കയും ചെയ്തു. അനില്‍ ആറന്മുള എം സി ആയ ചടങ്ങില്‍, ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും നിര്‍മാണ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും ബിജു മോഹന്‍ തയാറാക്കിയ ഡോകുമെന്ററി പ്രദര്‍ശിപ്പിച്ചു

ക്ഷേത്രം 2015 ഏപ്രിലില്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കുമെന്നും ഈ വര്‍ഷത്തെ ഓണാഘോഷങ്ങളും ജന്മാഷ്ടമിയും പൂര്‍വാധികം ഭംഗിയായി നടത്തുമെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു .രഞ്ജിത്ത് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം