ആനി ഫിലിപ്പ് പ്രവാസി മലയാളി ഫെഡറേഷന്‍ കാനഡ കോ ഓര്‍ഡിനേറ്റര്‍
Friday, July 25, 2014 5:17 AM IST
കാനഡ: പ്രവാസി മലയാളി ഫെഡറേഷന്റെ കാനഡ കോര്‍ഡിനേറ്ററായി ആനി ഫിലിപ്പിനെ നിയമിച്ചതായി പിഎംഎഫ് ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. കാനഡയില്‍ 22 വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആനി ഫിലിപ്പിന് കേരളത്തിലും ബിസിനസ് സംരംഭങ്ങളുണ്ട്.

ഓഗസ്റ്റ് 14, 15, 16 തീയതികളിലായി കോട്ടയത്തു നടക്കുന്ന പിഎംഎഫ് ഗ്ളോബല്‍ കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡയില്‍ നിന്നും പ്രതിനിധികളെ എത്തിക്കുക. പിഎംഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ കാനഡയിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് തനിക്കുളളതെന്ന് ആനി ഫിലിപ്പ് പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവ് റജി ഫിലിപ്പും കുടുംബവും ഒപ്പമുണ്ട്.

ഒരു ഗായിക കൂടിയായ ആനി ഫിലിപ്പ് പ്രശസ്ത ഗായകന്‍ ബിനോയ് ചാക്കോയുടെ ഗായക സംഘത്തിലെ ഗായിക കൂടിയാണ്. ബിനോയ് ചാക്കോയോടൊപ്പം ചേര്‍ന്ന് കേരളത്തില്‍ സെലസ്റ്റ് ഈവന്റ് മാനേജ്മെന്റ് എന്ന സംരംഭം നടത്തി വരുന്നു.

പിഎംഎഫിന്റെ ഗ്ളോബല്‍ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ചരിത്ര സെമിനാര്‍, സാംസ്കാരിക സമ്മേളനം, അവാര്‍ഡ് ദാനം, കലാപരിപാടികള്‍ എന്നിവയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ഡോ. ജോസ് കാനാട്ട് (യുഎസ്എ) ഗ്ളോബല്‍ ചെയര്‍മാനും ബഷീര്‍ അസലായി (പ്രവാസ സമ്മാന്‍ ജേതാവ്) കണ്‍വീനറുമായ വിപുലമായ സംഘാടക സമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ പെണ്ണൂക്കര