വിഷം കുത്തിവെച്ചുളള വധശിക്ഷാ വിവാദം വീണ്ടും കൊഴുക്കുന്നു
Friday, July 25, 2014 5:14 AM IST
അരിസോണ: വധശിക്ഷ നടപ്പാക്കുന്നതിനു നാളിതുവരെ ഉപയോഗിച്ചിരുന്ന വിഷ മിശ്രിതത്തിന്റെ ഉല്പാദനം കമ്പനി നിര്‍ത്തിയതോടെ പുതിയ വിഷ മിശ്രിതം ഉപയോഗിച്ചു നടത്തിയ വധശിക്ഷകളെ കുറിച്ചുളള വിവാദം അമേരിക്കയില്‍ കത്തിപടരുകയാണ്.

ജൂലൈ 23 ന് അരിസോണയിലാണ് ഏറ്റവും ഒടുവിലായി പുതിയ വിഷ മിശ്രിതം ഉപയോഗിച്ചു ജോസഫ് റുഡോള്‍ഫിന്റെ ശിക്ഷ നടപ്പാക്കിയത്. വിഷം കുത്തി വെച്ചു നിമിഷങ്ങള്‍ക്കകം മരണം നടക്കേണ്ട സ്ഥാനത്ത് ഏകദേശം രണ്ട് മണിക്കൂറാണ് പ്രതിയുടെ മരണം സ്ഥിരീകരിക്കാനായി വേണ്ടി വന്നതെന്ന് പ്രതിയുടെ അറ്റോര്‍ണി വാദിക്കുമ്പോള്‍ 57 മിനിറ്റ് മാത്രമാണ് വേണ്ടി വന്നതെന്ന് അരിസോണ അറ്റോര്‍ണി ജനറല്‍ ടോം ഹോണ്‍സ് ഓഫീസ് വെളിപ്പെടുത്തി.

വിഷം കുത്തിവെച്ച് പ്രതിയുടെ മരണം ഉടനെ നടക്കാതിരിക്കുന്നത് കണ്ട അറ്റോര്‍ണി അടിയന്തിരമായി വധശിക്ഷ നിര്‍ത്തിവെയ്ക്കണമെന്ന് അപ്പീല്‍ ഫെഡറല്‍ കോടതിയില്‍ ടെലിഫോണ്‍ മുഖേന സമര്‍പ്പിച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.

ഒഹായോയില്‍ ജനുവരിയില്‍ നടന്ന വധശിക്ഷയും വിവാദമായിരുന്നു. 26 മിനിറ്റായിരുന്നു പ്രതി പ്രാണവായുവിനായി പിടഞ്ഞത്. ഒക്കലഹോമയിലും പ്രതിയുടെ സിരകളിലേക്ക് പൂര്‍ണ്ണമായും വിഷ മിശ്രിതം കടത്തി വിടാനാകാതെ വധശിക്ഷ നിര്‍ത്തി വെച്ചുവെങ്കിലും ഇതിനിടയില്‍ ഹൃദാഘാതം മൂലം പ്രതി മരിക്കുകയായിരുന്നു.

അരിസോണയില്‍ വധശിക്ഷ പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷം നടക്കുന്ന 32-ാം മത്തെ വധ ശിക്ഷയായിരുന്നു ഇന്നലത്തേത്. 1989 ല്‍ രണ്ട് പേരെ വെടിവെച്ചു കൊന്ന കേസിലായിരുന്നു ജോസഫിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

അമേരിക്കയില്‍ ഇപ്പോള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന വധശിക്ഷാരീതി പ്രാകൃതമാണെന്നും വധശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടും അരിസോണ സ്റ്റേറ്റ് പ്രസിഡന്റിനു മുമ്പില്‍ വധശിക്ഷയെ എതിര്‍ക്കുന്നവര്‍ പ്രാര്‍ഥനാ യജ്ഞം നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍