ഫാ. ജോയി ആലപ്പാട്ട് ഷിക്കാഗോ രൂപത സഹായമെത്രാന്‍
Thursday, July 24, 2014 1:01 PM IST
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഷിക്കാഗോ രൂപത സഹായമെത്രാനായി ഫാ. ജോയി ആലപ്പാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഷിക്കാഗോ കത്തീഡ്രല്‍ വികാരിയായി സേവനം ചെയ്തുവരുന്ന ഫാ. ആലപ്പാട്ട് ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകാംഗമാണ്. സ്ഥാനാരോഹണം പിന്നീട്.

നിയമന പ്രഖ്യാപനം ജൂലൈ 24 ന് (വ്യാഴം) ഇറ്റാലിയന്‍ സമയം ഉച്ചയ്ക്കു 12നു വത്തിക്കാനിലും അമേരിക്കന്‍ സമയം പുലര്‍ച്ചെ ആറിനു വാഷിംഗ്ടണിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നു കാക്കനാട് മൌണ്ട് സെന്റ് തോമസിലെ മേജര്‍ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ആസ്ഥാനത്തും നടന്നു. ബെന്‍സെന്നയാണു നിയുക്തമെത്രാന്റെ സ്ഥാനിക രൂപത.

പറപ്പൂക്കര പരേതരായ വര്‍ഗീസ്-റോസി ദമ്പതികളുടെ മകനായി 1956 സെപ്റ്റംബര്‍ 27നു ഫാ. ജോയി ആലപ്പാട്ട് ജനിച്ചു. ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ പേരാണു മാമ്മോദീസായില്‍ സ്വീകരിച്ചത്. പുത്തന്‍പള്ളിയിലും പറപ്പൂക്കരയിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശൂര്‍ മൈനര്‍ സെമിനാരിയിലും വടവാതൂര്‍ മേജര്‍ സെമിനാരിയിലുമായിരുന്നു വൈദിക പഠനം.

1981 ഡിസംബര്‍ 31നു ബിഷപ് മാര്‍ ജയിംസ് പഴയാറ്റിലില്‍ നിന്നു പൌരോഹിത്യം സ്വീകരിച്ചു. ചാലക്കുടി, മാള, ഇരിങ്ങാലക്കുട ഇടവകകളില്‍ സഹവികാരിയായി സേവനം ചെയ്തു.

മംഗലപ്പുഴ സെമിനാരിയില്‍ നിന്നു ദൈവശാസ്ത്രത്തിലും ആന്ധ്ര യൂണിവേഴ്സിറ്റിയില്‍ നിന്നു സോഷ്യോളജിയിലും മാസ്റര്‍ ബിരുദങ്ങള്‍ നേടി. 1987 മുതല്‍ 1993 വരെ ചെന്നൈ സീറോ മലബാര്‍ മിഷനില്‍ ചാപ്ളിനായും മിഷന്‍ ഡയറക്ടറായും സേവനം ചെയ്തു.

1994 മുതല്‍ അമേരിക്കയിലെ സ്റാറ്റന്‍ ഐലന്‍ഡ്, ന്യൂയോര്‍ക്ക്, ന്യൂമില്‍ഫോര്‍ഡ്, ന്യൂജഴ്സി എന്നിവിടങ്ങളില്‍ അസോസിയേറ്റ് പാസ്ററായിരുന്നു. ക്ളിനിക്കല്‍ പാസ്ററല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയ ഫാ. ജോയി വാഷിംഗ്ടണിലെ ജോര്‍ജ്ടൌണ്‍ സര്‍വകലാശാലയില്‍ ചാപ്ളിനായി സേവനം ചെയ്തിട്ടുണ്ട്. ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ക്ഷണപ്രകാരം 2007ല്‍ രൂപതയിലെ ഗാര്‍ഫീല്‍ഡ്, ന്യൂവാര്‍ക്ക് എന്നിവിടങ്ങളില്‍ സേവനം ചെയ്തു. 2011ലാണു ഷിക്കാ ഗോ കത്തീഡ്രലില്‍ ചുമതലയേറ്റത്. 2013ലെ ന്യൂജേഴ്സി കണ്‍വന്‍ഷന്റെ കണ്‍വീനറായിരുന്നു. മികച്ച ധ്യാനപ്രസംഗകനും ഗാനരചയിതാവും കൂടിയായ ഫാ. ജോയി ആലപ്പാട്ട് ഏതാനും ക്രിസ്തീയ ഭക്തിഗാനങ്ങളും സംഗീത ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്.

2001ല്‍ സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപ തയുടെ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയാത്ത് കാനഡയിലെ സ്ഥിരം അപ്പസ്തോലിക് വിസിറ്റേറ്ററുമാണ്.

അമേരിക്ക മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഷിക്കാഗോ രൂപതയില്‍ 8,500 കുടുംബങ്ങളുണ്ട്.

പോള്‍, സിസ്റര്‍ കൊള്ളറ്റ് (സിഎസ്സി കോണ്‍ഗ്രിഗേഷന്‍, മിലാന്‍, ഇറ്റലി), ലീന, കേണല്‍ വിന്‍സന്റ് (മിലിട്ടറി, ജബല്‍പൂര്‍) എന്നിവരാണ് നിയുക്ത ബിഷപ്പിന്റെ സഹോദരങ്ങള്‍.