ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ്് ക്ളബിന് പുതിയ ഭാരവാഹികള്‍
Thursday, July 24, 2014 9:24 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ വാര്‍ഷികപൊതുയോഗവും തെരഞ്ഞെടുപ്പും ബൊണാമസിലെ സാല്‍ബൌ ക്ളബില്‍ നടത്തി. ക്ളബ് അംഗങ്ങളെ ഐഎസ്എഫ്വി പ്രസിഡന്റ് ജോര്‍ജ് ചൂരപൊയ്കയില്‍ സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റ് ദിനേശ് കൂട്ടക്കര കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സേവ്യര്‍ പള്ളിവാതുക്കല്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ ബാഡ്മിന്റന്‍, ഷട്ടില്‍, വോളിബോള്‍ വിഭാഗങ്ങളിലെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും വിശദമായി ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി. പുതിയതായി വോളിബോള്‍, ബാഡ്മിന്റന്‍, ഷട്ടില്‍ എന്നിവ കളിക്കാന്‍ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യാന്‍ തീരുമാനിച്ചു. കൂടാതെ വര്‍ഷത്തിലൊരിക്കല്‍ കാര്‍ണിവല്‍ ആഘോഷം അല്ലെങ്കില്‍ ഒരു കുടുംബ ഡിന്നര്‍ നടത്താനും തീരുമാനമായി. സ്പോര്‍ട്സ്് ക്ളബിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി.

ഇടവേളക്കും ചായ സല്‍ക്കാരത്തിനും ശേഷം ജോസ്കുമാര്‍ ചോലങ്കേരി വരണാധികാരിയായി അടുത്ത രണ്ടു വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോര്‍ജ് ചൂരപൊയ്കയില്‍ (പ്രസിഡന്റ്), ജോസഫ് പീലിപ്പോസ് (വൈസ് പ്രസിഡന്റ്), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), സിജോ മാമ്പള്ളില്‍ (യൂത്ത് മെംബര്‍), മൈക്കിള്‍ ഇല്ലത്ത് (ഓഡിറ്റര്‍) എന്നിവരെ പൊതുയോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു. സ്പോര്‍ട്സ്് ക്ളബ് പ്രസിഡന്റ് ജോര്‍ജ് ചൂരപൊയ്കയില്‍ ക്ളബിന്റെ സുഗമമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ സഹകരണം അഭ്യര്‍ഥിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍