കേരളാ നഗറില്‍ മിനി പൂരം ഒരുക്കി ഫോമാ സാംസ്കാരിക ഘോഷയാത്ര
Thursday, July 24, 2014 3:57 AM IST
ഫിലാഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ) കാനഡിയിലേയും അമേരിക്കയിലേയും അംഗ സംഘടനകളുമായി ചേര്‍ന്ന് ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് കാസിനോ റിസോര്‍ട്ടിലെ കേരളാ നഗറില്‍ കേരളത്തനിമയില്‍ ഒരുക്കിയ സാംസ്കാരിക ഘോഷയാത്ര പങ്കെടുത്തവര്‍ക്കും കേരളത്തില്‍ നിന്ന് എത്തിയ അതിഥികള്‍ക്കും കേരളത്തില്‍ നടക്കുന്ന ചടങ്ങുപോലെയുള്ള അനുഭവം നല്‍കി. കേരളത്തില്‍ നിന്നും എത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫിന് ഒരു മിനി പൂരം അമേരിക്കയില്‍ കണ്ടതിന്റെ സന്തോഷം അറിയിച്ചുകൊണ്ട് ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു.

കേരളീയ വേഷമണിഞ്ഞ് മുത്തുക്കുടയേന്തിയ ഫോമാ അംഗങ്ങള്‍ ഘോഷയാത്രയ്ക്ക് നിറപ്പകിട്ടേകി. നിരവധി കലാരൂപങ്ങള്‍ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയില്‍ സാമുദായിക ഐക്യം വിളംബരം ചെയ്തുകൊണ്ട് പരമ്പരാഗത ക്രസ്ത്യന്‍-ഹിന്ദു-മുസ്ലീം വേഷങ്ങള്‍ അണിഞ്ഞ് നിരവധി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്തു. ചുവടുവെച്ച് നിരന്ന ചെണ്ടവാദ്യ സംഘത്തിനു പിന്നാലായി അമേരിക്ക, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പതാകകള്‍ ഏന്തി അംഗങ്ങള്‍ സാംസ്കാരിക ഘോഷയാത്രയ്ക്ക് വഴിയൊരുക്കി.

ഫിലാഡല്‍ഫിയയിലെ സണ്ണി ഏബ്രഹാമും, അജി പണിക്കരും നേതൃത്വം നല്‍കിയ ഘോഷയാത്ര ഇതുവരെ നടന്നിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായതും മേന്മയേറിയതുമാണെന്ന് കാണികള്‍ അഭിപ്രായപ്പെട്ടു.

താലപ്പൊലി, ഓലക്കുട, മുത്തുക്കുട, കാവടി, വാളും പരിചയുമേന്തിയ കുട്ടികള്‍സ പ്രച്ഛന്നവേഷധാരികള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവയാല്‍ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയായിരുന്നു ഫോമാ കണ്‍വന്‍ഷനില്‍ അരങ്ങേറിയത്.

സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ്, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ കെ.വി. തോമസ്, തോമസ് ചാണ്ടി എം.എല്‍.എ, ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍ദോസ് കുന്നപ്പള്ളില്‍, സജി, മാധ്യമ പ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസ്, അനില്‍ അടൂര്‍, സന്തോഷ് ജോര്‍ജ്, സിനിമാ താരങ്ങളായ മനോജ് കെ. ജയന്‍, മംമ്താ മോഹന്‍ദാസ്, സ്വാമി ജ്ഞാനതപസ്വി, സാബു ചെറിയാന്‍, മേരി ജോര്‍ജ് തോട്ടം തുടങ്ങിയവര്‍ ഷോഷയാത്രയില്‍ അതിഥികളായി പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം