മെക്സിക്കോ കൊളോണിയ മാര്‍ത്തോമയില്‍ സമ്മര്‍ വിബിഎസ് സമാപിച്ചു
Wednesday, July 23, 2014 3:41 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മെക്സിക്കോ മിഷന്‍ ഫീല്‍ഡിലെ മാത്തമോറസിലുളള കൊളോണിയ മാര്‍ത്തോമ ദേവാലയത്തില്‍ ജൂലൈ 11 മുതല്‍ 13 വരെ നടന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ വിജയകരമായി സമാപിച്ചു.

മെക്സിക്കന്‍ വംശജരായ നിരവധി കുട്ടികള്‍ ദൈവവചന പഠനത്തിനും പാട്ടുകള്‍ പഠിക്കുന്നതിനുമായി വളരെ ഉത്സാഹത്തോടെയും ആത്മീക തീഷ്ണതയോടും കൂടി കടന്നു വന്ന് വിബിഎസില്‍ പങ്കെടുത്തത് പ്രത്യേകം പ്രശംസനീയമാണെന്ന് നേതൃത്വം കൊടുത്തവര്‍ അറിയിച്ചു.

'യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു അതിനു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു' എന്ന വേദവാക്യമായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. യേശു ക്രിസ്തുവിന്റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും രണ്ടാം വരവും തുടങ്ങിയ വിഷയങ്ങളില്‍ പഠനവും ചര്‍ച്ചയും നടത്തി.

ഈ വര്‍ഷത്തെ വിബിഎസിന് ഹൂസ്റണിലെ ട്രിനിറ്റി മാര്‍ത്തോമ ഇടവകാംഗങ്ങളായ 18 യുവജനങ്ങളും ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവകാംഗങ്ങളായ എട്ടു യുവജനങ്ങളും ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയില്‍ നിന്നുളള ഒരു പ്രതിനിധിയും നേതൃത്വം നല്‍കി. സ്പാനിഷ്, ഇംഗ്ളീഷ് ഭാഷകളില്‍ നിരവധി ഗാനങ്ങളും പഠിപ്പിച്ചു.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന സെക്രട്ടറി ഫാ. ബിനോയി തോമസ് ആദ്യവസാനം വിബിഎസില്‍ പങ്കെടുക്കുകയും ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

മാര്‍ത്തോമ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച മെക്സിക്കോ മിഷനില്‍ കൂടി നിര്‍ധനരായ നിരവധി മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ ആത്മീകവും ഭൌതികവുമായ വളര്‍ച്ചയും ഉന്നമനവുമാണ് സഭ ലക്ഷ്യമിടുന്നത്.

ഭദ്രാസന രാജതജൂബിലിയോടനുബന്ധിച്ച് കൂദാശ ചെയ്ത കൊളോണിയ മാര്‍ത്തോമ ദേവാലയത്തിലാണ് ഈ വര്‍ഷത്തെ വിബിഎസ് സംഘടിപ്പിച്ചത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ പ്രഫഷണലുകളുടെ നേതൃത്വത്തില്‍ ആരോഗ്യ പരിപാലനത്തെക്കുറിച്ച് നടത്തിയ ക്ളാസുകള്‍ വേറിട്ട അനുഭവമായി. ഈ വര്‍ഷത്തെ വിബിഎസിന്റെ കോഓര്‍ഡിനേറ്റേഴ്സായി സിനി ജേക്കബ്, ആര്‍ലിന്‍ മാത്യു, പി.ടി. ഏബ്രഹാം, ജോണ്‍ തോമസ് എന്നിവര്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി