ഡാളസില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം
Tuesday, July 22, 2014 8:04 AM IST
കൊപ്പേല്‍ (ടെക്സസ്) : ഭാരത കത്തോലിക്കാസഭയിലെ പ്രഥമ വിശുദ്ധയും ഇടവക മധ്യസ്ഥയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ തുടക്കം. നൂറുകണക്കിന് വിശ്വാസികളുടെ സാനിധ്യത്തില്‍ പ്രാര്‍ഥനാ മുഖരിതമായ അന്തരീഷത്തില്‍ ജൂലൈ 18 ന് (വെള്ളി) ഇടവക വികാരി ഫാ. ജോണ്‍സ്റി തച്ചാറ തിരുനാളിനു കൊടിയേറ്റി. ഫാ. ജോണ്‍ കൊച്ചു ചിറയില്‍, ഫാ. ജോസ് പഴേവീട്ടില്‍ എംഎസ്ടി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായ തിരുനാള്‍ ജൂലൈ 27 ന് സമാപിക്കും. തിരുനാള്‍ ദിവസങ്ങളില്‍ ദിവസേന വൈകുന്നേരം ദിവ്യകാരുണ്യാരാധന, വി കുര്‍ബാന, വചന സന്ദേശം, ലദീഞ്ഞ്, നൊവേന തുടര്‍ന്ന് നേര്‍ച്ച വിതരണം എന്നിവ നടക്കും.

പ്രധാന ദിവസമായ 27 ന് (ഞായര്‍) വൈകുന്നേരം നാലിന് ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും തുടര്‍ന്ന് സ്നേഹവിരുന്നും പ്രസുദേന്തി വാഴ്ചയും നടക്കും. ഇടവകയുടെ വിവിധ വാര്‍ഡുകളും ഭക്ത സംഘടനകളുമാണ് ഓരോ ദിവസങ്ങളിലായി തിരുനാളിന് നേതൃത്വം നല്‍കുന്നത്.

ഇര്‍വിംഗ് സെന്റ് ജൂഡ് വാര്‍ഡാണ് ഈ വര്‍ഷത്തെ തിരുനാളിന് പ്രസുദേന്തിയാവുന്നത്. വികാരി ഫാ. ജോണ്‍സ്റി തച്ചാറ ട്രസ്റിമാരായ ജൂഡിഷ് മാത്യു, തോമസ് കാഞ്ഞാണി, ജോയി സി. വര്‍ക്കി, സെബാസ്റ്യന്‍ വലിയപറമ്പില്‍ എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കുന്നു.

കലാപരിപാടികളുടെ ഭാഗമായി ഇടവക വാര്‍ഡുകള്‍ ഒരുക്കുന്ന കലാപരിപാടികള്‍ ബട്ടര്‍ഫ്ളൈസ്, ഗാനമേള (പിന്നണി ഗായകന്‍ ബിജു നാരായണന്‍) എന്നിവ വെള്ളി ശനി ഞായര്‍ ദിനങ്ങളില്‍ നടക്കും.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍