പ്രീമിയര്‍ ഗ്രോസറി പെയര്‍ലാന്റ് മേയര്‍ ടോം റീഡ് ഉദ്ഘാടനം ചെയ്തു
Tuesday, July 22, 2014 6:01 AM IST
ഹൂസ്റണ്‍: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പെയര്‍ലാന്റിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിന് പ്രവാസി മലയാളി കുടുംബങ്ങള്‍ക്ക് ശുഭവാര്‍ത്തയായി വിശാല സൌകര്യങ്ങളൊരുക്കി പ്രീമിയര്‍ ഇന്ത്യന്‍ ഗ്രോസേഴ്സ് ആന്‍ഡ് കേറ്ററിംഗ് തിരക്കേറിയ ഷാഡോ ക്രീക്ക് പാര്‍ക്ക്വേയോടു ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു. (12155 ഷാഡോ ക്രീക്ക് പോര്‍ക്ക്വേ, വയര്‍ലന്‍സ്)

ജൂലൈ 19 ന് (ശനി) രാവിലെ ഒമ്പതിന് പെയര്‍ലാന്റ് സിറ്റി മേയര്‍ ടോം റീഡ് ഈ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പെയര്‍ലാന്റ് പട്ടണത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മേയര്‍ ചൂണ്ടിക്കാട്ടി. സ്വാദിഷ്ടമായ ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ എന്നും തനിക്ക് ഇഷ്ടമാണെന്നും രുചികരമായ നാടന്‍ വിഭവങ്ങളുടെ കലവറയൊരുക്കി പെയര്‍ലാന്റില്‍ ആരംഭിക്കുന്ന ഈ സ്ഥാപനം പട്ടണത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും ഉതകട്ടെയെന്നും കൂടുതല്‍ ഇന്ത്യന്‍ മലയാളി കുടുംബങ്ങളെ പെയര്‍ലാന്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മേയര്‍ പ്രസ്ഥാനത്തില്‍ ഉദ്ബോധിപ്പിച്ചു.

സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോണ്‍ എസ്. പുത്തന്‍വിള ആശിര്‍വാദം നടത്തി.

ഭക്ഷണസാധനങ്ങള്‍ക്കായി വിശാലമായ സൌകര്യങ്ങളൊരുക്കിയിരിക്കുന്ന സ്ഥാപനത്തില്‍ കേരളീയ വിഭവങ്ങള്‍ക്കൊപ്പം ഉത്തരേന്ത്യന്‍ ഭക്ഷണസാധനങ്ങള്‍ക്ക് പ്രത്യേക വിഭാഗവം ക്രമീകരിച്ചിട്ടുണ്ട്. മത്സ്യമാംസ വില്‍പ്പനയ്ക്കായി വിശാലമായ പ്രത്യേക സൌകര്യവും ക്രമീകരിച്ചിട്ടുണ്ട്.

15 വര്‍ഷങ്ങളില്‍പരം കേരളത്തിലും ഗള്‍ഫിലും ഹൂസ്റണിലും കേറ്ററിംഗ് രംഗത്തുളള അനുഭവ സമ്പത്തിന്റെ കരുത്തുമായി രുചി വിഭവങ്ങളുടെ ലോകത്ത് കൈപുണ്യം കൈമുതലാക്കിയ ബാബു വെണ്ണിക്കുളവും കേരളത്തിലെ ബിസിനസ് പരിചയവുമായി ഗ്രോസറി ബിസിനസ് രംഗത്ത് പുത്തന്‍ചുവടുവയ്പുമായി സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായ റെജി ചിറയിലും കൈകോര്‍ത്ത് ഒരുക്കുന്ന ഈ സംയുക്ത സംരംഭത്തിന് ചടങ്ങില്‍ പങ്കെടുത്ത സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.

പെയര്‍ലാന്റിനോടൊപ്പം സമീപ പ്രദേശങ്ങളായ പാസഡീന, ക്ളിയര്‍ലേക്ക്, ഫ്രന്റ്സ് വുഡ്, സ്റ്റാഫോര്‍ഡ്, മിസോറി സിറ്റി, ഷുഗര്‍ലാന്റ് നിവാസികള്‍ക്കായി ഒരുക്കുന്ന ഒരു സ്നേഹോപഹാരമാണ് ഈ സംരംഭമെന്ന് പാര്‍ട്ട്നര്‍മാരായ ബാബു വെണ്ണിക്കുളവും റെജി ചിറയിലും അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി