ഇസ്രായേല്‍ ഭീകരതക്കെതിരെ യൂത്ത് ഇന്ത്യ പ്രതിഷേധ സംഗമം നടത്തി
Monday, July 21, 2014 7:04 AM IST
അബാസിയ: എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചു ചരിത്രത്തില്‍ തുല്യതകളില്ലാത്ത രീതിയില്‍ ഗസയില്‍ മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിന്റെ കിരാത നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ നൂറു കണക്കിന് പേര്‍ പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

സ്വന്തമായി ഒരു പ്രദേശം എന്ന അവകാശവാദത്തിനൊടുവില്‍ യുഎന്നിന്റെ അനുമതിയോടെ ആറു പതിറ്റാണ്ട് മുമ്പ് അറബ് ലോകത്ത് കുടിയിരുത്തപ്പെട്ട ഇസ്രായേല്‍ പിന്നീട് സയണിസത്തിന്റെ എല്ലാ തന്ത്രങ്ങളും ഒന്നോന്നായി നടപ്പിലാക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ് ലാമി കേരള കൂടിയാലോചന സമിതി അംഗം പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി പറഞ്ഞു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ മത, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ടി.പി അബ്ദുള്‍ അസീസ്, പി.കെ ജമാല്‍, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ എന്നിവര്‍ സംഗമത്തില്‍ പ്രസംഗിച്ചു. കെഐജി പ്രസിഡന്റ് കെ.എ സുബൈര്‍ സമാപന പ്രാര്‍ഥന നടത്തി. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ടി ഷാഫി സ്വാഗതം ആശംസിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്