റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിച്ചു
Monday, July 21, 2014 7:00 AM IST
റിയാദ്: റിയാദിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരഫലം പ്രഖ്യാപിച്ചു.

ജിദ്ദ യൂത്ത് ഇന്ത്യ നിര്‍മിച്ച് ഷുഹൈബ് ഇബ്രാഹിം സംവിധാനം ചെയ്ത 'ഹുറൂബ്' എന്ന ഹ്രസ്വ സിനിമ ഒന്നാം സ്ഥാനം നേടി. ദമാമിലെ ഡ്യൂണ്‍സ് മൂവി മാനിയ നിര്‍മിച്ച് ബക്കര്‍ പട്ടണത്ത് സംവിധാനം ചെയ്ത 'പാഴ്സല്‍' എന്ന ഹ്രസ്വ സിനിമ രണ്ടാം സ്ഥാനം നേടി. മികച്ച സിനിമകള്‍ക്കുള്ള പുരസ്കാരദാനം സെപ്റ്റംബറില്‍ റിയാദില്‍ നടക്കും.

ആകെ ലഭിച്ചവയില്‍നിന്ന് പ്രാഥമിക പരിശോധനക്കുശേഷം അന്തിമ വിധിനിര്‍ണയത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട 12ഓളം എന്‍ട്രികളില്‍ ആദ്യ സ്ഥാനങ്ങള്‍ നേടിയവ ഉള്‍പ്പെടെ വളരെ കുറച്ച് സിനിമകള്‍ മാത്രമേ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയുള്ളൂവെന്ന് സ്ക്രീനിംഗ് കമ്മിറ്റി അറിയിച്ചു.

കാമറ, എഡിറ്റിംഗ്, ഇതര സാങ്കേതിക വശങ്ങള്‍ എന്നിവയില്‍ 'ഹുറൂബ്' മികവ് പുലര്‍ത്തിയപ്പോള്‍ കഥാതന്തു, അഭിനയം എന്നീ ഘടകങ്ങളില്‍ 'പാഴ്സല്‍' മികച്ചുനിന്നു. എന്നാല്‍ അന്തിമവിധിനിര്‍ണയത്തിനെത്തിയ സിനിമകളില്‍ പലതും ഡബിംഗ്, തിരക്കഥ, ആശയം എന്നിവയില്‍ അശ്രദ്ധ പുലര്‍ത്തിയപ്പോള്‍ മറ്റ് ചിലതിന് ലക്ഷ്യബോധം പോലുമുണ്ടായിരുന്നില്ലെന്ന് വിധിനിര്‍ണയം നടത്തിയവര്‍ വിലയിരുത്തി. ദ്വയാര്‍ഥ പ്രയോഗങ്ങളും അസ്ളീല ചുവയുള്ള സംഭാഷണങ്ങളും നിറഞ്ഞവയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍