ഫിലാഡല്‍ഫിയായില്‍ എം. മുരളിക്ക് വമ്പിച്ച സ്വീകരണം
Monday, July 21, 2014 6:57 AM IST
ഫിലാഡല്‍ഫിയ: കോണ്‍ഗ്രസ് നേതാക്കളുടെ ഇടയിലെ ജനപ്രിയ നേതാവും മാവേലിക്കര നിയോജക മണ്ഡലത്തിലെ മുന്‍ നിയമ സഭാ സാമാജികനും എക്കാലത്തെയും അമേരിക്കന്‍ മലായളികളുടെ പ്രിയ സുഹൃത്തും ആലപ്പുഴ ജില്ലയിലെ യുഡിഎഫ് കണ്‍വീനറുമായ എം. മുരളിക്ക് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ജൂലൈ 17 ന് (വ്യാഴം) ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുളള വിവിധ സാമൂഹിക, സാംസ്കാരിക നേതാക്കന്മാരുടെ സഹകരണത്തിലും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ, ചാപ്റ്ററിന്റെ നേതൃത്വത്തിലും വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിലും സഹോദരിയ നഗരത്തിന്റെ മടിത്തട്ടില്‍ വച്ച് ഗംഭീര സ്വീകരണം നല്‍കി.

ജോസ് കുന്നേല്‍ (പ്രസിഡന്റ്) അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സാബു സ്കറിയ (ജനറല്‍ സെക്രട്ടറി) എംസിയായി പ്രവര്‍ത്തിക്കുകയും ജോബി ജോര്‍ജ് (നാഷണല്‍ സെക്രട്ടറി) ഐഎന്‍ഒസിയുടെ നാളിതുവരെയുളള പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയിക്കുകയുണ്ടായി. തോമസ് മാത്യു (ആനിക്കാട് പഞ്ചായത്ത്, വൈസ് പ്രസിഡന്റ്) തദവസരത്തില്‍ സന്നിഹിതനായിരുന്നു. മുഖ്യാതിഥിയായി എത്തിയ എം. മുരളി തന്റെ മറുപടി പ്രസംഗത്തില്‍ മതേതര രാഷ്ട്രമായ ഭാരതത്തില്‍ കോണ്‍ഗ്രസിനല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രത്യേകിച്ച് കൂട്ടുകക്ഷി മന്ത്രിസഭകള്‍ക്ക് അധികനാള്‍ അധികാരത്തില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും ഇപ്പോഴത്തെ ഈ ഭരണ സംവിധാനം വെറും സുനാമിയാണെന്നും വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി കോണ്‍ഗ്രസ് ചരിത്രം ആവര്‍ത്തിക്കുമെന്നും കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുളള ജനകീയ സര്‍ക്കാര്‍ നടത്തുന്ന ജനോപകരപ്രദമായ വികസനങ്ങള്‍ ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങള്‍ക്കും അതിലുപരി ഭാരത സര്‍ക്കാരിനുപോലും മാതൃകാപരമാണെന്നും യുഡിഎഫ്, എല്‍ഡിഎഫ് മാറി മാറി ഭരണചക്രം തിരിക്കുന്ന കേരളത്തില്‍ വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി അധികാരം നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കുമെന്നും അഭിപ്രായപ്പെട്ടു.

വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമാക്കി മാറ്റാന്‍ തീരുമാനമെടുത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നും സുപ്രീം കോടതിയും ഇത് പൂര്‍ണമായും അംഗീകരിച്ച് ഈ വോട്ടവകാശം യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. അതിനാല്‍ ഇന്ത്യയിലെ ഭാവി തെരഞ്ഞെടുപ്പുകളില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ തീര്‍ച്ചയായും കഴിയും എന്നാല്‍ അമേരിക്ക പോലുളള രാജ്യങ്ങളില്‍ പൌരത്വം സ്വീകരികരിച്ചവര്‍ക്ക് മാതൃരാജ്യമായ ഇന്ത്യയില്‍ ഇന്നത്തെ നിലയില്‍ ലഭിക്കുകയില്ല. ഈ സൌഹചര്യത്തിന് പരിഹാരമുണ്ടാക്കാനും വിദേശ പൌരത്വത്തോടൊപ്പം അവര്‍ക്കും മാതൃരാജ്യത്ത് പൌരത്വവും വോട്ടവകാശവും നല്‍കാനും ഭാരതസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് പറഞ്ഞു.

അമേരിക്കയില്‍ മുമ്പും പല പ്രാവശ്യം വന്നു പോയിട്ടുണ്െടങ്കിലും ഫിലാഡല്‍ഫിയായില്‍ വരുമ്പോള്‍ കൂടുന്ന യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ നാട്ടിലെ പാര്‍ട്ടി യോഗങ്ങളിലിരിക്കുന്ന ഗൃഹാതുരത്വം അനുഭവിക്കാറുണ്െടന്നും ഒരു പക്ഷെ ഇവിടെ കാണുന്ന വ്യക്തികളെല്ലാം വളരെ പരിചിതമായതു കൊണ്ടാകാം എന്നു പറഞ്ഞു.

അമേരിക്കയിലെയും കാനഡയിലേയും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസ്ഥാനം നാള്‍ക്കുനാള്‍ തഴച്ചു വളരട്ടെയെന്നും ഭാവിയില്‍ കൂടുതല്‍ ആളുകള്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഭാഗമാകട്ടെയെന്നും ഇതിന്റെ സംഘാടകര്‍ക്കും പ്രവര്‍ത്തകര്‍ക്കും എല്ലാ ആശംസകളും എം. മുരളി നേര്‍ന്നു.

തോമസ് ഏബ്രഹാം (ട്രഷറര്‍) സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും സന്തോഷ് ഏബ്രഹാം (സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ഡിന്നറോടുകൂടി സ്വീകരണ സമ്മേളനം അവസാനിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്