രണ്ട് മലേഷ്യന്‍ വിമാന ദുരന്തങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മാര്‍ട്ടിന്‍
Monday, July 21, 2014 6:56 AM IST
ന്യൂയോര്‍ക്ക്: മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമായ മലേഷ്യന്‍ എംഎച്ച് 370 എന്ന വിമാനത്തില്‍ നിന്നും യുക്രെയിനിന് മീതെ പറന്ന എംഎച്ച് 17 എന്ന വിമാനത്തില്‍ നിന്നും അവസാന നിമിഷം യാത്ര മാറ്റിവച്ചപ്പോള്‍ സ്വന്തം ജീവന്‍ രക്ഷിക്കുകയായിരുന്നുവെന്ന് വിശ്വസിക്കുവാന്‍ പോലും ആകുന്നില്ല. മാര്‍ട്ടിന്‍ ഡി ജോണ്‍ജ് എന്ന 29 വയസുകാരനാണ് യാത്ര അവസാനനിമിഷം റദ്ദു ചെയ്ത് മരണത്തില്‍ നിന്നു രണ്ടു തവണ രക്ഷപെട്ടത്.

മലേഷ്യന്‍ വിമാനം, എംഎച്ച് 370 ല്‍ യാത്ര ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ആഴങ്ങളില്‍ എന്നത്തേക്കുമായി വിശ്രമിക്കേണ്ടിവരികയോ, എം എച്ച് 17 നില്‍ ആയിരുന്നുവെങ്കില്‍ അന്തരീക്ഷത്തില്‍ ചിന്നി ചിതറേണ്ടി വരികയോ ചെയ്തില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷവും ഈ രണ്ട് വിമാന ദുരന്തങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടവരേയും കുടുംബാംഗങ്ങളെയും ഓര്‍ക്കുമ്പോള്‍ ദുഃഖവും താങ്ങാനാവുന്നില്ല എന്നാണ് മാര്‍ട്ടിന്‍ പ്രതികരിച്ചത്.

ക്വാലാംലംപൂരില്‍ നിന്നും തയ്വാനില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുവാനാണ് മാര്‍ച്ച് എട്ടിലെ എം എച്ച് 370 ല്‍ സീറ്റ് ബുക്ക് ചെയ്തിരുന്നത്. സ്റ്റോപ് ഓവര്‍ ഒഴിവാക്കുന്നതിനാണ് ഈ വിമാനത്തിലെ ടിക്കറ്റ് കാന്‍സല്‍ ചെയ്ത്. മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ തീരുമാനിച്ചത്. എം എച്ച് 17 ല്‍ ടിക്കറ്റ് ചാര്‍ജ് അല്‍പ്പം കൂടുതലായിതനാല്‍ കുറഞ്ഞ ചാര്‍ജില്‍ വാരന്ത്യം യാത്രക്കുളള വിമാനം ലഭിച്ചതിനാല്‍ എംഎച്ച് 17 ലെ ടിക്കറ്റും കാന്‍സല്‍ ചെയ്തു. ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ ഞാനും എന്റെ കുടുംബവും അതീവ സന്തുഷ്ടരാണ് -മാര്‍ട്ടിന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍