ജനകീയ സമിതി ഇടപെടല്‍; ചതിയില്‍പ്പെട്ട് ജയിലിലായ റാഷിദിന്റെ ജാമ്യത്തുക കെട്ടിവച്ചു
Monday, July 21, 2014 6:54 AM IST
കുവൈറ്റ് സിറ്റി: സുഹൃത്തിന്റെ ചതിയില്‍പ്പെട്ട് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിയായി ജയിലിലായ കാഞ്ഞങ്ങാട് മീനാപ്പീസില്‍ ചേലക്കാടത്ത് റാഷിദിന് ജാമ്യം ലഭിക്കാന്‍ വഴിതെളിഞ്ഞു. റാഷിദിന്റെ മോചനത്തിനായി ശ്രമം നടത്താന്‍ രൂപവത്കരിച്ച ജനകീയ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണിത്. ഞായറാഴ്ച രാവിലെ കോടതിയില്‍ ജാമ്യത്തുകയായ 1500 കെട്ടിവച്ചു. വൈകുന്നേരം ഏഴോടെ ജാമ്യം ലഭിച്ച റാഷിദ് പുറത്തിറങ്ങും.

റാഷിദിന്റെ മോചനത്തിനായി രൂപവത്കരിച്ച ജനകീയ സമിതിയുടെ ശക്തമായ ഇടപെടലാണ് ജാമ്യത്തിന് വഴിതുറന്നത്. കഴിഞ്ഞമാസം 25ന് അറസ്റിലായ റാഷിദിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജി വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. തന്റെ സുഹൃത്ത് നല്‍കിയ പാര്‍സലാണ് കുടുക്കിയതെന്നും താന്‍ നിരപരാധിയാണെന്നും റാഷിദ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കുവൈറ്റില്‍ നിരോധിക്കപ്പെട്ട വേദനാസംഹാരി ഗുളികകളായിരുന്നു പാര്‍സലില്‍നിന്ന് കണ്െടടുത്തത്. നേര്‍ക്കുനേരെ മയക്കുമരുന്ന് അല്ലെങ്കിലും രാജ്യത്തെ നിയമപ്രകാരം ആ ഗണത്തില്‍പ്പെടുന്നവയാണ് ഇതെന്നതാണ് റാഷിദിനെ കുടുക്കിയത്.

റാഷിദിനെ മയക്കുമരുന്ന് അടങ്ങിയ പാര്‍സല്‍ കൊണ്ടുവരാന്‍ ഏല്‍പ്പിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഫവാസിന്റെ ബന്ധുക്കളാണ് ജനകീയ സമിതിയുടെ നിര്‍ദേശപ്രകാരം റാഷിദിന്റെ ജാമ്യത്തുക കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.

ശനിയാഴ്ച വൈകുന്നേരം ചേര്‍ന്ന ജനകീയ സമിതി യോഗത്തിനത്തിെയ പിതാവും മറ്റു ബന്ധുക്കളും ഫവാസാണ് റാഷിദിനെ കുടുക്കിയതെന്ന് സമ്മതിക്കുകയും നിരപരാധിയായ റാഷിദിനെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പുനല്‍കുകയുമായിരുന്നു. ജനകീയ സമിതി യോഗത്തില്‍ കുവൈറ്റിലെ പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളും സാമൂഹിക, സാംസ്കാരിക പ്രമുഖരുമെല്ലാം സംബന്ധിച്ചു. നാട്ടില്‍നിന്ന് പാര്‍സല്‍ കൊണ്ടുവരുമ്പോള്‍ ജാഗ്രത പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജനകീയ സമിതി ഉണര്‍ത്തി. ഇതുസംബന്ധിച്ച് പ്രവാസി സമൂഹത്തില്‍ ശക്തമായ ബോധവത്കരണം നടത്തുമെന്നും സമിതി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍