റാഷിദിന്റെ ജാമ്യം ഷിജുവിന്റെ കുടുംബത്തിനു പ്രതീക്ഷയാകുന്നു
Monday, July 21, 2014 5:00 AM IST
കൊച്ചി: മയക്കു മരുന്ന് കടത്ത് മാഫിയയുടെ ചതിയില്‍ പെട്ട് അബുദാബിയിലെ ജയിലില്‍ കഴിയുന്ന ഷിജുവിന് ആശ്വാസമായി കുവൈറ്റില്‍ നിന്ന് വാര്‍ത്ത. ഷിജുവിനെ പോലെ തന്നെ ചതിയില്‍പെട്ട് ജയിലിലായ യുവാവിന് ജാമ്യം ലഭിച്ചതാണ് പ്രതീക്ഷയാകുന്നത്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മീനാപ്പീസിലെ അബൂബക്കറിന്റെയും കുഞ്ഞാസ്യയുടെയും മകന്‍ ചേലക്കാടത്ത് റാഷിദിനാണ് (25)കഴിഞ്ഞ ദിവസം കുവൈറ്റിലെ കോടതി ജാമ്യം നല്‍കിയത്. റാഷിദിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഭിഭാഷകനെ ഏര്‍പ്പാടാക്കിയിരുന്നു. തന്നെ ചതിവില്‍ പെടുത്തിയതാണെന്ന റാഷിദിന്റെ മൊഴി മുഖവിലയ്ക്കെടുത്താണ് കോടതി ജാമ്യം നല്‍കിയത്. റാഷിദിന് വന്‍ തുക ജാമ്യത്തുകയായി കെട്ടിവച്ചതും സുഹൃത്തുക്കള്‍ തന്നെയാണ്.

ഷിജുവിനെ പോലെ തന്നെ റാഷിദിനേയും സുഹൃത്താണ് മയക്കുമരുന്ന കേസില്‍ പെടുത്തിയത്. അബ്ബാസിയയില്‍ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരനായ റാഷിദ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് പോയതായിരുന്നു. വിമാനത്താവളത്തില്‍ റാഷിദിന്റെ ലഗേജില്‍ നിന്ന് മയക്കു മരുന്ന് കണ്െടത്തിയതിനെത്തുടര്‍ന്ന് അധികൃതര്‍ പിടികൂടി ജയിലിലടക്കുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് റാഷിദ് കുവൈറ്റിലേക്ക് പോയത്. കുവൈറ്റിലുള്ള സുഹൃത്തിന്റെ പിതാവിന്റെ മരുന്നും കണ്ണടയുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റാഷിദിന്റെ കൈയില്‍ മയക്കുമരുന്ന് കൊടുത്തു വിട്ടത്. റാഷിദ് പിടിയിലായതോടെ സുഹൃത്ത് മുങ്ങുകയും ചെയ്തു. അബുദാബിയിലുള്ള ബന്ധുവിന് നല്‍കാന്‍ പുസ്തകങ്ങളാണെന്ന വ്യാജേന ഷിജുവിന്റെ കൈയില്‍ എല്‍എസ്ഡി മയക്കുമരുന്ന് കൊടുത്തയച്ചത് ഷിജുവിന്റെ സുഹൃത്തായിരുന്നു. അബുദാബി വിമാനത്താവളത്തില്‍ പിടിയിലായ ഷിജു ഇപ്പോള്‍ ജയിലിലാണ്. അവിടത്തെ സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ഷിജുവിന്റെ മോചനത്തിനായി ശ്രമിച്ചു വരികയാണ്. നാട്ടിലും ഷിജുവിന്റെ മോചനത്തിനായി രാഷ്ട്രീയ കക്ഷിഭേദമെന്യേ നാട്ടുകാര്‍ ഒന്നിച്ചണിനിരന്നിട്ടുണ്ട്. കുവൈറ്റിലും ദുബായിലും നിയമങ്ങളില്‍ വ്യത്യാസമുണ്െടങ്കിലും റാഷിദിന്റെ മോചനം ഷിജുവിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രതീക്ഷയേകിയിരിക്കുകയാണ്. മയക്കുമരുന്ന് കടത്തിന് വലിയ ശിക്ഷയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നല്‍കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള മയക്കുമരുന്ന് കടത്ത് വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷിജുവിനേയും റാഷിദിനേയും കൂടാതെ നിരവധി മലയാളികള്‍ മയക്കുമരുന്ന് കടത്തു കേസില്‍പെട്ട് ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരില്‍ മിക്കവരും നിരപരാധികളാണ്. എന്നാല്‍ കോടതികളില്‍ വാദിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പെടുത്താനോ എംബസിയില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താനോ കഴിയാത്തതു കൊണ്ട് പലരുടേയും ജീവിതം വഴിമുട്ടുകയാണ്.