ഫൊക്കാനാ ആദരിച്ച അമേരിക്കന്‍ മലയാളികള്‍
Monday, July 21, 2014 4:46 AM IST
ഷിക്കാഗോ: 2014 ഫൊക്കാനാ കണ്‍വന്‍ഷന്‍ ഡോ. ആനി ജോര്‍ജ് (ന്യൂയോര്‍ക്ക്), മാത്യൂസ് ഏബ്രഹാം (ഷിക്കാഗോ), അനില്‍കുമാര്‍ പിള്ള (ഷിക്കാഗോ) എന്നിവരെ വിശിഷ്ട സേവനത്തിനുള്ള അവര്‍ഡുകള്‍ നല്‍കി ആദരിച്ചു.

ഡോ. ആനി പോള്‍ മുപ്പത് വര്‍ഷമായി അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാണ്. മലയാളി സംഘടനകളിലൂടെ ആതുരസേവനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി അമേരിക്കന്‍ ജനതയുടെ ഹൃദയങ്ങളില്‍ മറക്കാനാവാത്ത വ്യക്തിത്വം സ്ഥാപിച്ചു. ന്യൂയോര്‍ക്ക് സിറ്റിയുടെ പതിന്നാലാം ജില്ലയില്‍ നിന്നും ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട് നിയമോപദേഷ്ടാവായി സേവനം അനുഷ്ഠിക്കുന്നു. പ്രവാസ ജീവിതത്തില്‍ ഒരു മലയാളി വനിതയ്ക്ക് അമേരിക്കന്‍ ലോക്കല്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച അംഗീകാരത്തില്‍ ഫൊക്കാനാ ഡോ. ആനി പോളിനെ പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

അനില്‍കുമാര്‍ പിള്ള മുപ്പത്തഞ്ച് വര്‍ഷമായി ഷിക്കാഗോയിലെ സ്കോക്കി വില്ലേജില്‍ സ്ഥിരതാമസമാണ്. സാമൂഹിക-സാംസ്കാരിക- സാമുദായിക മേഖലകളില്‍ നല്‍കിയിട്ടുള്ള സംഭാവന മറക്കാനാവാത്തതാണ്. എല്ലാവര്‍ഷവും 'ഗാന്ധിസിറ്റി' എന്നറിയപ്പെടുന്ന ഡിവോണ്‍ അവന്യൂവിലുള്ള ഇന്ത്യന്‍ സ്വാതന്ത്യ്രദിന പരേഡിന് ചുക്കാന്‍ പിടിക്കുന്ന അനില്‍കുമാര്‍ പിള്ള കഴിഞ്ഞ 14 വര്‍ഷമായി സ്കോക്കി വില്ലേജില്‍ കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ സേവനത്തെ ഫൊക്കാന പ്രശംസിക്കുകയും ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.

മാത്യൂസ് ഏബ്രഹാം ഇരുപത്തിയഞ്ച് വര്‍ഷമായി ഷിക്കാഗോയിലെ ഡെസ്പ്ളെയിന്‍സ് സിറ്റിയില്‍ സ്ഥിരതാമസമാണ്. സാംസ്കാരിക- സാമൂഹിക-സാമുദായിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചതിനോടൊപ്പം അമേരിക്കന്‍ രാഷ്ട്രീയ രംഗങ്ങളില്‍ ഇടപെടുവാന്‍, കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനം സഹായിച്ചുവെന്ന് അദ്ദേഹം സ്മരിച്ചു. മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ ഉടമയും, ഷിക്കാഗോ ട്രാന്‍സിറ്റ് മാനേജ്മെന്റ് ഉദ്യോഗസ്ഥനുമാണ് മാത്യൂസ്. ഡെസ്പ്ളെയിന്‍സ് സിറ്റിയുടെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍, പാര്‍ക്ക് ഡിസ്ട്രിക്ട് ബോര്‍ഡ് അംഗം, റിപ്പബ്ളിക്കന്‍ പാര്‍ട്ടി മെയിന്‍ ടൌണ്‍ഷിപ്പ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ 2010 മുതല്‍ സേവനം അനുഷ്ഠിച്ചുവരുന്നു. രാഷ്ട്രീയ രംഗങ്ങളിലും ലോക്കല്‍ ഗവണ്‍മെന്റ് മേഖലകളിലും മാത്യൂസിന് ലഭിച്ച അംഗീകാരത്തില്‍ ഫൊക്കാനാ അനുമോദിക്കുകയും വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം