സാന്റാ അന്നയില്‍ മതബോധന സ്കൂള്‍ വാര്‍ഷികം നടത്തി
Monday, July 21, 2014 4:46 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ മതബോധന സ്കൂള്‍ വാര്‍ഷികം നടത്തി.

ഞായറാഴ്ച രാവിലെ ദിവ്യബലിക്കുശേഷമുള്ള വാര്‍ഷിക പരിപാടിയില്‍ ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി കുട്ടികള്‍ക്കുള്ള ട്രോഫികളും അവാര്‍ഡുകളും നല്കി.

വിശ്വാസതീക്ഷണതയോടെ കുട്ടികളെ മതബോധന ക്ളാസുകളില്‍ കൊണ്ടുവരുന്ന മാതാപിതാക്കളുടേയും പരിശീലനം നല്‍കുന്ന അധ്യാപകരുടേയും അര്‍പ്പണബോധത്തെ ഇമ്മാനുവേലച്ചന്‍ അഭിനന്ദിച്ചു. 160-ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന സ്കൂളില്‍ മുപ്പതോളം അധ്യാപകര്‍ സേവനം ചെയ്യുന്നു.

ഓരോ ക്ളാസിലും പഠനത്തില്‍ ഉന്നത നിലവാരം ലഭിച്ച കുട്ടികളേയും, ഹാജര്‍ നില നൂറുശതമാനം നിലനിര്‍ത്തിയ 36 കുട്ടികളേയും ട്രോഫികള്‍ നല്‍കി ആദരിച്ചു. മതബോധന ക്ളാസിന്റെ പ്രത്യേക സമ്മാനമായ ട്രോഫി മരിയ ഷാജിക്ക് നല്‍കി.

സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ടോമി തോമസ് പുല്ലാപ്പള്ളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സ്കൂള്‍ അധ്യാപകര്‍, സെക്രട്ടറി നിമ്മി ജോസ്, അള്‍ത്താര ബാലന്മാരെ പരിശീലിപ്പിക്കുന്നതിന് ജോവി തുണ്ടിയില്‍, യുവജന ഗായകസംഘാംഗങ്ങളെ നയിക്കുന്നതിന് ബാബു ജോസ്, സ്കൂള്‍ ഡയറക്ടര്‍ ടോമി തോമസ് എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്കി ആദരിച്ചു.

വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികള്‍ക്കായി 150-ഓളം ട്രോഫികളും മെഡലുകളും നല്‍കി. സമ്മാനാര്‍ഹരായ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരുടേയും പ്രശംസ നേടിയെടുത്തു.

ഏഞ്ചല്‍ ആനന്ദ്, മിനി രാജു, മിനി തോംസണ്‍, മേരി വലിയനാല്‍, ബിജി ബാബു, ഷോജാ സ്റീഫന്‍, ഫ്രാന്‍സീസ് തോമസ്, രാജു അബ്രഹാം എന്നിവര്‍ വാര്‍ഷികാഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം