ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍ വാഷിംഗ്ടണിലെ വേളാങ്കണ്ണി മാതൃസന്നിധിയിലേക്ക് തീര്‍ഥാടനം നടത്തി
Saturday, July 19, 2014 8:37 AM IST
ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയ റീജിയണിലെ സീറോ മലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കരുടെ ഐക്യവേദിയായ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ജൂലൈ 12 ന് (ശനി) വാഷിംഗ്ടണ്‍ ഡിസിയിലുള്ള അമലോത്ഭവമാതാവിന്റെ ദേശീയ തിര്‍ഥാടനകേന്ദ്രത്തിലേക്ക് ടൂര്‍ സംഘടിപ്പിച്ചു.

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 56 പേരടങ്ങിയ സംഘം ബസിലിക്കയോടൊപ്പം യുഎസ് കാപ്പിറ്റോള്‍, വൈറ്റ് ഹൌസ്, എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയം, പെന്റഗണ്‍, വാഷിംഗ്ടണ്‍, ലിങ്കണ്‍ സ്മാരകങ്ങള്‍, ആര്‍ലിംഗ്ടണ്‍ സെമിത്തേരി എന്നിവയും സന്ദര്‍ശിച്ചു.

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി വികാരിയും ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാനുമായ
റവ. ഫാ. ജോണിക്കുട്ടി പുലിശേരി, അസോസിയേഷന്‍ മുന്‍ ചെയര്‍മാനും സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടറുമായ റവ. ഡോ. മാത്യു മണക്കാട്ട്, അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മാളേയ്ക്കല്‍, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ ചാരാത്ത്, ജോ. സെക്രട്ടറി ഫിലിപ് ജോണ്‍ (ബിജു), കമ്മിറ്റി അംഗങ്ങളായ സണ്ണി പടയാറ്റില്‍, സണ്ണി പാറക്കല്‍, ജോസഫ് സക്കറിയാ (ബിജു), ഈവന്റ് കോഓര്‍ഡിനേറ്റര്‍ ചാര്‍ലി ചിറയത്ത് എന്നിവര്‍ നേതൃത്വം നല്‍കിയ ടൂര്‍ ഗ്രൂപ്പില്‍ നാലു കാത്തലിക്ക് വിഭാഗങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു.രാവിലെ 7.30ന് ജോണി അച്ചന്റെ പ്രാര്‍ഥനയോടെ സീറോ മലബാര്‍ പള്ളിയില്‍നിന്നും ആരംഭിച്ച ടൂര്‍ രാത്രി ഒമ്പതിന് സമാപിച്ചു.

സംഘത്തിന്റെ ആദ്യലക്ഷ്യം വാഷിംഗ്ടണ്‍ ഡിസിയിലുള്ള നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസിലിക്കയിലെ വേളാങ്കണ്ണി മാതാവിന്റെ ചാപ്പല്‍ ആയിരുന്നു. 11 ന് മാതൃസന്നിധിയില്‍ ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. മാത്യു മണക്കാട്ട് എന്നിവര്‍ കാര്‍മികരായി ബലിയര്‍പ്പണം നടത്തി. തുടര്‍ന്ന് ഗൈഡിന്റെ സഹായത്തോടെയുള്ള ബസിലിക്ക ടൂര്‍ അവിസ്മരണീയമായിരുന്നു.

വടക്കേ അമേരിക്കയിലെ മരിയന്‍ തീര്‍ഥാടനകേന്ദ്രങ്ങളില്‍ പ്രഥമ സ്ഥാനം വഹിക്കുന്ന ഈ ബസിലിക്ക യു.എസ്. കാത്തലിക്സിന്റെ പേട്രണ്‍ ചര്‍ച്ച് കൂടിയാണ്. വര്‍ഷം തോറും ആയിരക്കണക്കിന് തീര്‍ഥാടകര്‍ യാചനകളുമായി മാതൃസന്നിധിയില്‍ എത്തുന്നു. അമേരിക്കയുടെ തലസ്ഥാനനഗരിയില്‍ പ്രൌെഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ തീര്‍ഥാടനാലയം കൊത്തുപണികളാലും കമനീയമായ ഗോപുരങ്ങളാലും അലംകൃതമാണ്.

1847 ല്‍ അമേരിക്കന്‍ ബിഷപ്സിന്റെ അഭ്യര്‍ഥനപ്രകാരം ഒമ്പതാം പീയൂസ് മാര്‍പാപ്പ അമലോത്ഭവ മാതാവിനെ അമേരിക്കയുടെ മധ്യസ്ഥയായി നാമകരണം ചെയ്യുകയും അന്ന് കാത്തലിക് യൂണിവേഴ്സിറ്റി റെക്ടറായിരുന്ന ബിഷപ് തോമസ് ജെ. ഷാഹാന്റെ ഉല്‍സാഹത്തില്‍ 1926 ല്‍ ക്രിപ്റ്റ് ചര്‍ച്ചിന്റെ പണി പൂര്‍ത്തിയാക്കപ്പെടുകയും 1959 നവംബറില്‍ കൂദാശാകര്‍മ്മം നിര്‍വഹിക്കപ്പെടുകയും ചെയ്തു. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1990 ഒക്ടോബര്‍ 12 ന് ഈ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തെ ഒരു മൈനര്‍ ബിസിലിക്കയായി ഉയര്‍ത്തി. ഏതാണ്ട് 70 ചാപ്പലുകളും ധാരാളം ഒററ്ററികളും ഈ ബസിലിക്കായെ അലങ്കരിക്കുന്നു.

അമേരിക്കന്‍ ജനതയുടെ അഭിമാനമായി കാപ്പിറ്റോള്‍ കുന്നിന്‍ മുകളില്‍ ശിരസുയര്‍ത്തി നില്‍ക്കുന്ന യുഎസ്. കാപ്പിറ്റോള്‍ ആയിരുന്നു അടുത്ത ലക്ഷ്യം. രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ പരിഹാരം കണ്െടത്തുന്നതിവിടെയാണ്. അമേരിക്കന്‍ ആര്‍ട്ടിന്റെയും ലോകോത്തര പെയിന്റിംഗുകളുടെയും വലിയ ഒരു ശേഖരം തന്നെയുണ്ടിവിടെ. തലസ്ഥാന നഗരിയില്‍ ഏറ്റവും ഉയരത്തില്‍ തലപൊക്കി നില്‍ക്കുന്ന കാപ്പിറ്റോള്‍ ഡോമിന്റെ ഉള്‍വശത്തെ സ്കൈലൈറ്റ് കാഴ്ച്ചകള്‍കൊണ്ടും വിശാലവും നയനമനോഹരവുമായ വിസിറ്റര്‍ സെന്ററില്‍നിന്നും ആരംഭിച്ച ഗൈഡഡ് ടൂര്‍ ഓറിയന്റേഷന്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള “ഛൌ ീള ങമ്യി, ഛില” എന്ന ഡോക്കുമെന്ററിയിലൂടെ അമേരിക്കയുടെ സാഹസിക വിജയചരിത്രം മനസിലാക്കുന്നതിനും സന്ദര്‍ശകര്‍ക്ക സാധിച്ചു.

യുഎസ് കാപ്പിറ്റോള്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൌസ് ആയിരുന്നു ലക്ഷ്യം. വിശാലമായ പുല്‍ത്തകിടികളാലും മനോഹരമായ പൂന്തോട്ടങ്ങളാലും അതിരുതിരിച്ച വൈറ്റ് ഹൌസിന്റെ മുന്‍പില്‍നിന്നും ഫോട്ടോ എടുക്കുന്നതിനും ചുറ്റുപാടുകളും കാണുന്നതിനും സംഘാംഗങ്ങള്‍ക്ക് സാധിച്ചു. തുടര്‍ന്ന് വഷിംഗ്ടണിലുള്ള സ്മിത്സോണിയന്‍ എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയം, അമേരിക്കന്‍ മിലിട്ടറി ആസ്ഥാനമായ പെന്റഗണ്‍, ജോര്‍ജ് വാഷിംഗ്ടണ്‍, ഏബ്രാഹം ലിങ്കണ്‍ സ്മാരകങ്ങള്‍, ആര്‍ലിംഗ്ടണ്‍ സെമിത്തേരി എന്നിവയും സന്ദര്‍ശിച്ച് രാത്രി ഒമ്പതോകൂടി സംഘം ഫിലാഡല്‍ഫിയായില്‍ തിരിച്ചെത്തി.

അറിവിന്റെയും അത്ഭുതത്തിന്റെയും മായാത്ത ഓര്‍മകള്‍ പലരുടെയും മനസില്‍ കോറിയിട്ട ഒരു നവ്യാനുഭവമായിരുന്നു ഈ ടൂര്‍ കാഴ്ച്ചവച്ചത്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍