ഭാഷാസമര അനുസ്മരണ സമ്മേളനം നടത്തി
Saturday, July 19, 2014 8:31 AM IST
റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിവൈവ് 2014 ന്റെ ഭാഗമായി ഭാഷാ സമരത്തിന്റെ 35 -ാം വാര്‍ഷികം ബത്തിയിലെ ന്യൂ സഫാമക്കാ ഓഡിറ്റോറിയത്തില്‍ ആചരിച്ചു.

ചടങ്ങ് കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പൊന്‍മള ഉദ്ഘാടനം ചെയ്തു. ഭാഷാ സമരത്തിന് നേതൃത്വം നല്‍കുകയും സമരത്തിനിടെയുണ്ടായ പോലീസ് നടപടികളില്‍ കുടുങ്ങുകയും ചെയ്തതിന്റെ തിക്താനുഭവങ്ങളും അബ്ദുറഹ്മാന്‍ പൊന്‍മള വിശദീകരിച്ചു. അറബി ഭാഷയോട് അധികാരിവര്‍ഗം കാണിച്ച വിവേചനവും അതിനെ ചെറുത്തു തോല്‍പ്പിച്ച് അറബി ഭാഷ മറ്റ് ഭാഷകളെപ്പോലെ ജനകീയമാക്കി തീര്‍ക്കുകയും ചെയ്തത് ഈ സമരം വഴിയാണെന്ന് പൊന്‍മള പറഞ്ഞു.

കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി റഫീഖ് പാറക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം സമുദായത്തിനെതിരെ വരുന്ന ഓരോ വെല്ലുവിളിയും മുന്‍കൂട്ടി കാണാനും അത് തിരിച്ചറിഞ്ഞുകൊണ്ട് അതിനെ പ്രതിരോധിക്കാനും സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനും മുസ്ലിം ലീഗ് നേതാക്കള്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്െടന്ന് അദ്ദേഹം ഉദാഹരണ സഹിതം സമര്‍ഥിച്ചു.

അറബി ഭാഷാ സമരത്തെ വിജയത്തിലെത്തിക്കാന്‍ ജീവന്‍ സമര്‍പ്പിച്ച മജീദ്, റഹ്മാന്‍, കഞ്ഞിപ്പമാരെ ഓര്‍മിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടത് ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റേയും കടമയാണ്. ഭാഷാ സമരം എക്കാലത്തും അനുസ്മരിക്കപ്പെടുമെന്നും റഫീഖ് പാറക്കല്‍ പറഞ്ഞു. അഷ്റഫ് കല്‍പ്പകഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎംസിസി നേതാക്കളായ മൊയ്തീന്‍ കോയ, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, കോയാമു ഹാജി, അബ്ദുസമദ് കൊടിഞ്ഞി, ബഷീര്‍ ചേറ്റുവ, ഇബ്രാഹിം ഹാജി എടരിക്കോട്, മുഹമ്മദ് കോട്ടയ്ക്കല്‍, കുഞ്ഞിപ്പ തവനൂര്‍, ഷരീഫ് പാലത്ത്, സുഫിയാന്‍ അബ്ദുസലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷാഫി ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അഡ്വ. അനീര്‍ ബാബു, മൊയ്തീന്‍ കുട്ടി തെന്നല, സാജിദ് മൂന്നിയൂര്‍, അലി ഹസന്‍ മൈത്ര എന്നിവര്‍ നേതൃത്വം നല്‍കി. യൂനുസ് സലിം താഴെക്കോട് സ്വാഗതവും ഷൌക്കത്ത് വേങ്ങര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍