ജിദ്ദ കൃഷിഗ്രൂപ്പ് ഇഫ്ത്താറും കൃഷി സംഗമവും സംഘടിപ്പിച്ചു
Saturday, July 19, 2014 8:29 AM IST
ജിദ്ദ: ജിദ്ദ കൃഷിഗ്രൂപ്പ് ഇഫ്ത്താറും കൃഷി സംഗമവും സംഘടിപ്പിച്ചു. അല്‍ ഹമ്രയിലെ ചെങ്കടല്‍ തീരത്ത് വിശാലമായ പുല്‍ത്തകിടില്‍ കൃഷി സ്നേഹികള്‍ ഒത്തു ചേര്‍ന്നപ്പോള്‍ അതൊരു ഹൃദ്യമായ സംഗമവേദിയായി മാറി.

സായാഹ്ന സന്ധ്യയിലും കടുത്ത ഉഷ്ണത്തെ വകവയ്ക്കാതെ കുടുംബസമേതം ഇഷ്ട്ടവിഭവങ്ങളുമായി കര്‍ഷക സുഹൃത്തുക്കള്‍ കടല്‍തീരത്തേക്ക് ഒഴുകിയെത്തിയപ്പോള്‍ ഒരുമയുടെ സ്നേഹത്തിന്റെ പ്രസരിപ്പ് ആ മുഖങ്ങളില്‍ കാണാമായിരുന്നു.

മലബാറിന്റെ തനതായ ഇഫ്ത്താര്‍ വിഭവങ്ങളായ പത്തിരിയും നെയ്ച്ചോറുമടങ്ങിയ വിഭവ സമൃദ്ദമായ ഭക്ഷണമൊരുക്കി മഹിളാ കര്‍ഷകര്‍ സംഗമത്തെ സമ്പുഷ്ട്ടമാക്കി. കൃഷി സംഗമം ഗ്രൂപ്പ് മെംബറും ജിദ്ദയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ശിവന്‍പിള്ള ചോപ്പാട് ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ പരിമിതമായ താമസസ്ഥലത്ത് കൃഷിയിറക്കി നൂറുമേനി വിളവെടുത്ത അനുഭവം അദ്ദേഹം വിശദീകരിച്ചു. ജൈവ മത്സ്യ സംയോജിത നൂതന കൃഷി രീതിയായ അക്വോപോണിക്ക് കൃഷിരീതിയെകുറിച്ചു വിശദമായി ഫിലിപ്പൈന്‍സ് സ്വദേശിയും അക്വോപോണിക്ക് വിദഗ്ദനുമായ യൂസുഫ് ജെമിനോ ഉപകരണങ്ങളുടെ സഹായത്താല്‍ വിശദീകരിച്ചത് സദസിനു പുതിയ ഒരനുഭവമായിരുന്നു. കുറഞ്ഞ സ്ഥല സൌെകര്യമുള്ളവര്‍ക്കു ഈ രീതി വളരെ പ്രയോജനപെടുത്താവുന്നതാണെന്നു അദ്ദേഹം ഓര്‍മപെടുത്തി.

കെ.ടി മുസ്തഫ സ്വാഗത പ്രസംഗം നടത്തിയ പരിപാടിയില്‍ മുജീബ് റഹ്മാന്‍ ചെമ്മങ്കടവ് അധ്യക്ഷത വഹിച്ചു. ഹരിപ്രസാദ് (യാമ്പു) അബ്ദുള്‍ലത്തീഫ് കൊട്ടപ്പുറം, അബ്ദുള്‍ ജബാര്‍ വട്ടപൊയില്‍, നൌഷാദ് മച്ചിങ്ങല്‍, ചുണ്ടക്കാടന്‍ മുഹമ്മദലി, ഷാഹിദ് തൃക്കരിപ്പൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അബ്ദുസമദ് കൊട്ടപ്പുറം സദസിനെ നിയന്ത്രിച്ചു.