'പരസ്പരം തൃപ്തി നേടല്‍ കുടുംബബന്ധത്തിന്റെ വിജയ സൂത്രം'
Saturday, July 19, 2014 6:40 AM IST
ജിദ്ദ: കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പരം തൃപ്തി നേടലാണ് നല്ല കുടുംബങ്ങളുടെ ലക്ഷണമെന്ന് യുവ പണ്ഡിതന്‍ റാഷിദ് ഗസാലി പറഞ്ഞു. ജിദ്ദയില്‍ നടന്നുവരുന്ന ത്രിദിന റമദാന്‍ പ്രഭാഷണത്തിന്റെ 'രണ്ടാം നാള്‍ കുടുംബം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സന്താനങ്ങള്‍ക്കും മറ്റും നല്ല റോള്‍ മോഡല്‍ ആകാന്‍ സാധിക്കുമ്പോഴാണ് രക്ഷിതാക്കള്‍ എന്ന നിലയില്‍ നമ്മള്‍ വിജയിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

നല്ല മക്കള്‍, നല്ല ഇണ, നല്ല സമ്പത്ത്, നല്ല സൌഹൃദം എന്നീ ഘടങ്ങള്‍ എല്ലാം ഒത്തു ചേരുന്ന വ്യക്തിക്ക് ജീവിത വിജയം നേടാനാവൂ. രണ്ടാം ദിന പ്രഭാഷണത്തിന്റെ ഔപചാരിക ഉദ്ഘാടനം മജീദ് നഹ നിര്‍വഹിച്ചു. സൈന്‍ ജിദ്ദാ ചാപ്ടര്‍ ഡയറക്ടര്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ഖിറാ അത്ത് മുഹമ്മദ് ഹിഫ്സു റഹ്മാന്‍ നിര്‍വഹിച്ചു.

കുടുംബ ജീവതം എങ്ങനെ വിജയകരമാക്കണമെന്നതിനു ലോകത്തിനു ഉദാത്ത മാതൃക നല്‍കിയത് അന്ത്യ പ്രവാചകന്‍ മുഹമ്മദ് റസൂലുള്ള തന്നെയാണെന്ന് പ്രവാചകന്റെ ജീവിത സാഹചര്യങ്ങള്‍ വിവരിച്ചുകൊണ്ട് ഗസാലി സദസിനോട് സംവദിച്ചു. മാത്രമല്ല ഇന്ന് ലോകത്ത് സന്തുഷ്ട കുടുംബത്തെകുറിച്ച് ക്ളസെടുക്കുന്നവരും പുസ്തകമെഴുതിയവരും സ്വന്തം കുടുംബം പരാജയപെട്ട കാഴ്ചയാണുള്ളതെന്നും പറഞ്ഞു. വഴിതെറ്റുന്ന ബാല്യവും വൃദ്ധസദനങ്ങളില്‍ എത്തുന്ന വാര്‍ധക്യവും ആധുനികതയുടെ വികലമായ ജീവിതരീതികൊണ്ട് അനുഭവിക്കേണ്ടിവന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാചകന്റെ ജീവിതചര്യ പകര്‍ത്തുന്ന സമൂഹത്തിനു നല്ല കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തനാവുമെന്നും അങ്ങനെയുള്ള നല്ല കുടുംബങ്ങളാണ് നല്ല സമൂഹത്തെ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം സ്ഥാപിച്ചു.

സാദിക് പാണ്ടിക്കാട്, സഹല്‍ തങ്ങള്‍ ഉമ്മര്‍കോയ മദീനി, ശിവന്‍പിള്ള, മഅനിയാരത്ത് മമ്മൂട്ടി ഹാജി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ആലുങ്ങല്‍ മുഹമ്മദ്, വി.പി മുഹമ്മദലി, ഈസ്റേണ്‍ ബേബി എന്നിവര്‍ അതിഥികളായിരുന്നു. ഹിഫ്സുറഹ്മാന്‍, റഷീദ് വരിക്കോടന്‍, അനസ് പരപ്പില്‍, അഷ്റഫ് പൊന്നാനി, കെവിഎ ഗഫൂര്‍ അഡ്വ.അലവികുട്ടി, സുല്‍ത്താന്‍ തവന്നുര്‍, അഷ്റഫ് തില്ലങ്കേരി, അഷ്റഫ് കൊയിപ്ര, ഷംസുദ്ദീന്‍ പായത്ത് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. നിസാം മമ്പാട് സ്വാഗതവും ബഷീര്‍ തൊട്ടിയന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍