ഫാ. ഡേവിസ് ചിറമേലിന് അമേരിക്കയില്‍ സ്വീകരണം
Friday, July 18, 2014 4:13 AM IST
ഷിക്കാഗോ: വൃക്കദാന സന്ദേശവുമായി അമേരിക്കയിലെത്തിയ കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേലിന് വിവിധ കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണം നല്‍കി. ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഫാ. ഡേവിസ് ചിറമേല്‍ അവയവ ദാനത്തിന്റേയും, ജീവന്റെ മൂല്യം സംരക്ഷിക്കുന്നതിനെപ്പറ്റിയും സംസാരിച്ചു. സ്വന്തം വൃക്കദാനത്തിലൂടെ ഉടലെടുത്ത കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യ ഇന്ന് വളര്‍ന്ന് പന്തലിച്ച് യു.എസ്.എ, യു.കെ, യു.എ.ഇ എന്നിവടങ്ങളിലും പ്രവര്‍ത്തിക്കുന്നു.

ജൂലൈ 15-ന് അമേരിക്കയിലെ നാഷണല്‍ കിഡ്നി ഫൌണ്േടഷന്റെ ന്യൂയോര്‍ക്കിലെ കാര്യാലയത്തില്‍ നടത്തിയ ചടങ്ങില്‍ നാഷണല്‍ കിഡ്നി ഫൌണ്േടഷന്‍ അഡ്വൈസറി കമ്മിറ്റി മെമ്പര്‍ ഡോ. ടെറന്‍സ് തോമസ്, വൃക്ക അടക്കമുള്ള അവയവദാനത്തിനായി ഡേവിസ് ചിറമേല്‍ അച്ചന്‍ ഇന്ത്യയില്‍ നടത്തുന്ന സേവനങ്ങളെക്കുറിച്ച് സംസാരിച്ചു. നാഷണല്‍ കിഡ്നി ഫൌണ്േടഷന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ബ്രൂസ് കൈയര്‍ വിശിഷ്ടാഗത്വം ഫാ. ഡേവിസ് ചിറമേലിന് നല്‍കി. ചടങ്ങില്‍ ഇന്റര്‍നാഷണല്‍ കിഡ്നി ഫൌണ്േടഷന്‍ കണ്‍വന്‍ഷന്റെ പ്രത്യേക ക്ഷണപത്രം ബ്രൂസ് കൈയറില്‍ നിന്നും സ്വീകരിച്ചു.

ഫൊക്കാനാ കണ്‍വന്‍ഷനിലും, സീറോ മലബാര്‍ കള്‍ച്ചറല്‍ ഇവന്റിലും, ക്നാനായ കണ്‍വന്‍ഷനിലും, ക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ കുടുംബ സമ്മേളനത്തിലും, ചിറമേല്‍ തോമസിന്റെ ഓക്ബ്രൂക്കിലെ വസതിയില്‍ വെച്ച് നടന്ന സ്നേഹവിരുന്നിലും, ന്യൂയോര്‍ക്ക് സീറോ മലബാര്‍ പള്ളിയിലെ കുര്‍ബാനയിലും പങ്കെടുത്ത ഫാ. ഡേവിസ് ചിറമേല്‍ ആറ് സമ്മേളനങ്ങളിലും അവയവദാനത്തിന്റെ സ്നേഹസന്ദേശങ്ങള്‍ നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം