സൌദിയില്‍ വിലക്കുള്ള ഇന്ത്യന്‍ മരുന്നുകളുടെ പട്ടിക ലഭ്യമാക്കാന്‍ ന്യൂഏജ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു
Thursday, July 17, 2014 9:14 AM IST
റിയാദ്: ഇന്ത്യയില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ പല അലോപ്പതി മരുന്നുകള്‍ക്കും സൌദി അറേബ്യയില്‍ പല കാരണത്താല്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇത്തരം മരുന്നുകള്‍ ഏതൊക്കെയെന്ന് അറിയാന്‍ കഴിയാത്തതിനാല്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന പല പ്രവാസികളും എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെട്ട് ജയിലിലായിട്ടുണ്ട്. ബോധവത്കരണത്തിനായി ഇത്തരം മരുന്നുകളുടെ പട്ടിക ലഭ്യമാക്കാന്‍ ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് ഘടകം എം.പി. അച്ചുതന്‍ എംപിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഏര്‍പ്പാട് ചെയ്തു.

ഇവിടുത്തെ കൃത്യമായ ചികിത്സാ അപര്യാപ്തതയും ചികിത്സാ ചെലവ് കൂടുതലായതും കാരണമാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് വരുമ്പോള്‍ പ്രവാസികള്‍ അത്യാവശ്യത്തിനുള്ള മരുന്നുകള്‍ കൊണ്ടുവരുന്നത്. എന്നാല്‍ മരുന്ന് നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരും കൊണ്ടുവരുന്ന പ്രവാസികള്‍ക്കും ഇത്തരം മരുന്നുകളെ സംബന്ധിച്ച് യാതൊരറിവുമില്ലാത്തതിനാലാണ് ഇത് വീണ്ടും ആവര്‍ത്തിക്കുന്നത്.

യാമ്പുവില്‍ ബാലുശേരി സ്വദേശി ഷംസു നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ കസ്റഡിയിലായത് അലര്‍ജിക്കുള്ള മരുന്ന് കൊണ്ടുവന്ന കാരണത്താലാണ്. ഡോക്ടറുടെ കുറിപ്പും മരുന്നു വാങ്ങിയ ബില്ലും ഉണ്ടായിട്ടും അധികൃതര്‍ വഴങ്ങിയില്ല. സുഹൃത്തായ സിദ്ധീക്ക് സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് ഷംസു കൊണ്ടുവരികയായിരുന്നു.സിദ്ധിഖ് കുറ്റം ഏറ്റതിനാല്‍ ഷംസു മോചിതനാവുകയായിരുന്നു.

ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും വെബ് സൈറ്റിലൂടെ ഇത്തരം മരുന്നുകളുടെ പട്ടിക യഥാസമയം പുതുക്കി ലഭ്യമാക്കിയാല്‍ അറിവില്ലായ്മമൂലം ഇന്ത്യക്കാര്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെടാതെ ശ്രദ്ധിക്കാന്‍ കഴിയും.

കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ഇ. ഇസ്മായിലുമായി ബന്ധപ്പെട്ട് ന്യൂഏജ് നടത്തിയ ശ്രമമാണ് ഈ വിഷയം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ എം.പി. അച്ചുതന്‍ എംപി, സി.എന്‍.ജയദേവന്‍ എംപി, സി.ദിവാകരന്‍ എംഎല്‍എ എന്നിവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

റിയാദിലെ ഫൂത്ത പാര്‍ക്കില്‍ പ്രതികൂല കാലാവസ്ഥയില്‍ ആറു മാസത്തോളം നിയമലംഘകരായി 174 പേര്‍ക്ക് നാട്ടിലെത്താന്‍ പറ്റാതെ വിഷമാവസ്ഥയിലായപ്പോള്‍ എം.പി.അച്ചുതന്‍ എംപി സബ്മിഷനിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞ ജൂണില്‍ അനുമതി തേടിയിരുന്നു. പക്ഷെ ചില പ്രശ്നങ്ങളുടെ പേരില്‍ കലുഷിതമായ സാഹചര്യത്തില്‍ ശീതകാല സമ്മേളനം അന്ന് പെട്ടെന്നവസാനിപ്പിച്ച് പിരിഞ്ഞതിനാല്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. താമസിയാതെ നിരോധിത മരുന്നുകളുടെ പട്ടിക ലഭ്യമാക്കി വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുവാന്‍ വിദേശകാര്യമന്ത്രാലയ ഇടപെടലുകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍