ഫോമാ നാടകോത്സവം: മികച്ച നടന്‍ ബിജു തയ്യില്‍ചിറ; മികച്ച നടി അനിമ അജിത്
Thursday, July 17, 2014 4:23 AM IST
ഫിലാഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരികാസിന്റെ നാലാമത് അന്തര്‍ ദേശീയ കണ്‍വെന്‍ഷനില്‍ ആദ്യമായി പരീഷ്ണാര്‍ത്ഥം നടത്തിയ നാടകോത്സവം വന്‍ വിജയമായി. നാല് നാടക സംഘങ്ങള്‍ വാശിയോടെ മാറ്റുരച്ച മത്സരം, വിത്യസ്ത സാമൂഹിക സാഹചര്യങ്ങളിലേക്ക് കാണികളുടെ മനസ്സുകളെ കൊണ്ട് പോയി.

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൌെണ്ടിയുടെ 'ദാഹം' എന്ന നാടകം സണ്ണി കല്ലൂപാറയും സംഘവുമാണ് ആദ്യമായി അവതരിപ്പിച്ചത്. അതിനു ശേഷം നാട്ടുക്കൂട്ടം തിയറ്റേഴ്സിന്റെ 'ഒരു ദേശം നുണ പറയുന്നു' എന്ന നാടകം ദേവസ്സി പാലാട്ടിയും സംഘവും ആണു അവതരിപ്പിച്ചത്. തുടര്‍ന്ന് ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ 'മാതൃ ദേവോ ഭവ:' അജിത് അയ്യമ്പിള്ളിയും സംഘവും അവതരിപ്പിച്ചു. അവസാനമായി ബ്രംപ്ടണ്‍ മലയാളി അസോസിയേഷനു വേണ്ടി ബിജു തയ്യില്‍ചിറയും സംഘവും അവതരിപ്പിച്ച 'താജ്മഹല്‍' എന്ന നാടകമായിരുന്നു.

ജഡ്ജസ് ആയിരുന്നതു നടനും നിര്‍മാതാവും ആയ തമ്പി ആന്റണി, പ്രശസ്ത നാടക നടനും സംഘാടകനും ആയ ഫ്രെഡ് കൊച്ചിന്‍, നാടക നടനും സംവിധായകനുമായ മനോഹര്‍ തോമസ്, നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോസഫ് ഔസോ എന്നിവരായിരുന്നു.

മികച്ച നടന്‍ താജ്മഹാളിലെ അഭിനയത്തിന് ബിജു തയ്യില്‍ചിറ അര്‍ഹനായി. മികച്ച രണ്ടാമത്തെ നടന്‍ ദാഹത്തിലെ അഭിനയത്തിന് സണ്ണി കല്ലൂപാറ നേടി. മികച്ച നടി മാതൃ ദേവോ ഭവ:യിലെ അഭിനയത്തിന് അനിമ അജിത് കയ്യടക്കി. മികച്ച രണ്ടാമത്തെ നടി മാതൃ ദേവോ ഭവ:യിലെ അഭിനയത്തിന് നാദം കര്‍ത്തനാള്‍ നേടി. മികച്ച കോസ്റ്യുമിനും മികച്ച ആര്‍ട്ട് ഡയറക്ഷനും ബ്രംപ്ടണ്‍ മലയാളി അസോസിയേഷന്‍ അവാര്‍ഡ് നേടി. മികച്ച സംവിധയകാന്‍ അജിത് അയ്യമ്പിള്ളിയും മികച്ച നാടകം അവാര്‍ഡ് ദേവസ്സി പാലാട്ടിയുടെ 'ഒരു ദേശം നുണ പറയുന്നു' വും നേടി. അവാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്തത് വിന്‍സന്‍ പാലത്തിങ്കലും ശോശാമ്മ തോമസ്സും ആണ്. നാടകോത്സവം നടത്തിപ്പിന് നേതൃത്വം നല്‍കിയത് കള്‍ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ ജോസ് എബ്രഹാം , നാടകോത്സവം ചെയര്‍മാന്‍ വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ഷാജി എഡ്വേര്‍ഡ് എന്നിവരാണ്.
ഈ പ്രാവിശ്യത്തെ നാടകോത്സവം വിജയമായത് കൊണ്ട് അടുത്ത കണ്‍വെന്‍ഷനില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ചു പരിപാടികള്‍ കൂടുതല്‍ വിപുലമാക്കുവാനുള്ള ആലോചനയിലാണ് സംഘാടകര്‍.

നാടകോത്സവം വിജയമാക്കുന്നതില്‍ പൂര്‍ണ്ണ പിന്തുണയും നല്കിയ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവിനും സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസിനും ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പിനും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജിനും സംഘാടകര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍