ഇഫ്താര്‍ വിരുന്ന് ലോകരാഷ്ട്രങ്ങളുടെ സൌഹൃദസംഗമമായി
Wednesday, July 16, 2014 7:16 AM IST
ജിദ്ദ: സൌദി പ്രിന്‍സ് സയിദ് ബിന്‍ മുസീദ് ബിന്‍ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഗാമോണ്‍ ഗ്രൂപ്പ് ഇഫ്താര്‍ വിരുന്ന് ലോകരാഷ്ട്രങ്ങളുടെ സൌഹൃദസംഗമമായി.

ഇന്ത്യ. ആഫ്രിക്ക, തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നില്‍ കേരളത്തില്‍ നിന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുമായിരുന്നു വിശിഷ്ടാതിഥികള്‍.

ഇസ്ലാം വിഭാവനം ചെയ്യുന്ന സമാധാനവും ശാന്തിയും ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുന്നത് സൌദി അറേബ്യയില്‍ നിന്നാണെന്നും ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്െടന്നും കാന്തപുരം പറഞ്ഞു. ഗ്രൂപ്പ് ചെയര്‍മാന്‍ ഷേഖ് റഫീഖ് മുഹമ്മദ് അതിഥികളെ സ്വീകരിച്ചു. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയും സൌദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഹൃദ്യമാക്കുമെന്നും ഇന്ത്യയിലെ പ്രമുഖകമ്പനികള്‍ സൌദിയില്‍ നിക്ഷേപമിറക്കാന്‍ മുന്നോട്ടു വന്നിരിക്കുകയാണെന്നും പ്രിന്‍സ് സൌദ് ബിന്‍ മുസീദ് ബിന്‍ അബ്ദുള്‍ അസീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 35,000 സൌദി സ്വദേശികള്‍ വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിലായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ഗ്രൂപ്പ് ചെയര്‍മാന്‍ ഷേഖ് മുഹമ്മദ് റഫീഖ് അനുസ്മരിച്ചു. സൌദിയിലെ ഏറ്റവും വലിയ വികസന ഗ്രൂപ്പാണ് ഗാമോണ്‍. ജസാന്‍ വ്യാവസായിക മേഖല കേന്ദ്രീകരിച്ച് നടത്തുന്ന വന്‍വികസപദ്ധതികള്‍ക്കാണ് ഗാമോണ്‍ തുടക്കം കുറിച്ചിരിക്കുന്നത്. കാനഡ, ഓസ്ട്രേലിയ, മലേഷ്യ, ഇന്ത്യ, ചൈന തുടങ്ങി ഇരുപതിലേരെ രാജ്യങ്ങളിലെ വന്‍കിട കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള വികസനങ്ങളാണ് ഗാമോണ്‍ ലക്ഷ്യമിടുന്നത്. റിപ്പബ്ളിക്ക് ഓഫ് സൌത്ത് ആഫ്രിക്ക പ്രതിനിധി ഇബ്റാഹിം ഇദ്രീസ്, ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതിനിധി മുഹമ്മദ് ഷൌക്കത്ത്, സൌദി ഗസറ്റ് അംഗം ഖാലിദ് അല്‍ മൌന, ഗ്രൂപ്പ് സിഇഒ ഡോ. ഫൈസല്‍ ആബിദീന്‍, നെസ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജഹാംഗിര്‍, ബാവഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍കരീം, ഖുഷി ഗ്രൂപ്പ് ചെയര്‍മാന്‍ ഷേഖ് മുഹമ്മദ് ശരീഫ് എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍