ഭാഷാ സമരം സമാനതകളില്ലാത്ത പോരാട്ടം
Wednesday, July 16, 2014 4:07 AM IST
ജിദ്ദ: ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടി ചരിത്രപരമായി പ്രാധാന്യമുള്ളതും രാഷ്ട്രീയ സമരങ്ങളില്‍ നൂറ് ശതമാനം ആവശ്യങ്ങളും അധികാര വര്‍ഗത്തെകൊണ്ട് അംഗീകരിപ്പിച്ച് വിജയിപ്പിച്ച അപൂര്‍വ സമരങ്ങളില്‍ ഒന്നുമാണ് 1980 ലെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഭാഷാ സമരമെന്ന് മുസ്ലിം ലീഗ് നേതാവ് എം.എം.കുട്ടി മൌലവി പറഞ്ഞു.

മലപ്പുറം ജില്ലാ കെഎംസിസി ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ റമദാന്‍ ഇഫ്ത്താറിനോടനബന്ധിച്ചുള്ള ഭാഷാസമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക ചരിത്രത്തിലെ തിളക്കമേറിയ ബദര്‍ ദിനത്തില്‍ അറബി ഭാഷ സംരക്ഷിക്കുന്നതിനായി യൂത്ത് ലീഗ് നടത്തിയത് സമര ചരിത്രങ്ങളില്‍ സമാനതകളില്ലാതെ വേറിട്ടു നില്‍ക്കുന്ന ഒരു രാഷ്ട്രീയമുന്നേറ്റമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി രായിന്‍കുട്ടി നീറാട് പറഞ്ഞു.

ചോരയുടെ ചെലവില്‍ വളരുകയും വീണ്ടും രക്തസാക്ഷികളെ പടച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഖുര്‍ആന്റെ ഭാഷയായ അറബി ഭാഷക്കുവേണ്ടി സമരം നയിച്ചു പോലീസിന്റെ നിറത്തോക്കിനു മുന്നില്‍ ജീവന്‍ വെടിഞ്ഞ് രക്തസാക്ഷിത്വം നയിക്കേണ്ടിവന്ന യൂത്ത് ലീഗിന്‍ നായകരായിരുന്ന മജീദ് റഹ്മാന്‍ കുഞ്ഞിപ്പ എന്നിവരുടെ സ്മരണ എന്നും ഈ സമുദായത്തില്‍ ജ്വലിച്ച് നില്‍ക്കുമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് വി.പി.മുസ്തഫയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മജീദ് പൊന്നാനി ഖിറാഅത്ത് നടത്തി.

കെഎംസിസി നേതാക്കളായ പി.ടി.മുഹമ്മദ്, അഹമ്മദ് പാളയാട്ട്, നാസര്‍ എടവനക്കാട്, അന്‍വര്‍ ചേരങ്കൈ, പി.എം.എ ജലീല്‍, ഇ.പി.ഉബൈദുള്ള, സി.കെ.ശാക്കിര്‍, സി.കെ അബ്ദുറഹ്മാന്‍ കാലിക്കറ്റ്, അബ്ദുള്ള പാലേരി, അബാസ് നാട്ട്യമംഗലം, മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആക്ടിംഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതവും സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍