സൌദിയില്‍ സ്വകാര്യ മേഖലയില്‍ രണ്ട് അവധി ദിവസത്തിനെതിരെ രാജാവിന് നിവേദനം
Tuesday, July 15, 2014 6:55 AM IST
ദമാം: വാരാന്ത്യ അവധി രണ്ടു ദിവസം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സൌദി ചേംബര്‍ ഓഫ് കൊമേഴ്സ് സൌദി ഭരണാധികാരി അബ്ദുള്ള രാജാവിന് നിവേദനം നല്‍കി. നിവേദനത്തിനൊപ്പം വാരാന്ത്യ അവധി രണ്ടു ദിവസമാക്കുന്നതുമൂലം സ്വകാര്യ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തയാറാക്കിയ പഠന റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.

ആഴ്ചയില്‍ രണ്ടു ദിവസം അവധി അനുവദിക്കുന്നത് സൌദിയിലെ സ്വകാര്യ മേഖലയില്‍ പലവിധ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രണ്ടു ദിവസത്തെ വാരാന്ത്യ അവധി അനുവദിക്കുന്നത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സൌദിയിലെ സ്വകാര്യ മേഘലയില്‍ തൊഴില്‍ സമയം ആഴ്ചയില്‍ 48 മണിക്കൂറില്‍നിന്നും 40 മണിക്കൂറാക്കി ചുരുക്കുന്നതുമൂലം പല പദ്ധതികളും യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും.

യഥാസമയം പ്രവര്‍ത്തി ദിവസങ്ങള്‍ കുറയുന്നതുമൂലമുള്ള സമയ നഷ്ടം പരിഹരിക്കുന്നതിന് തൊഴിലാളികള്‍ക്ക് ഓവര്‍ ടൈം നല്‍കി ജോലി ചെയ്യിപ്പിക്കേണ്ടിവരും. ഇത് സ്ഥാപനങ്ങള്‍ക്ക് ശമ്പള ഇനത്തില്‍ 30 ശതമാനം അധിക ബാധ്യത വരുത്തിവയ്ക്കുമെന്ന് രാജാവിന് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

സ്വകാര്യ മേഖലയില്‍ വാരാന്ത്യ അവധി രണ്ടു ദിവസം ആക്കുന്നതിന് നേരത്തെ ഷൂറ കൌണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. അവധി രണ്ടുദിവസമാക്കിയാല്‍ സ്വകാര്യ മേഖലയിലേക്ക് സ്വദേശി യുവാക്കള്‍ ആകര്‍ഷിക്കപ്പെടുമെന്നാണ് ഇതിന് കാരണം പറഞ്ഞത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം