സൌദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പുതിയ ട്രാഫിക് പദ്ധതിക്ക് ട്രാഫിക് വിഭാഗം തുടക്കമായി
Tuesday, July 15, 2014 6:55 AM IST
ദമാം: പുതിയ ട്രാഫിക് പദ്ധതി പ്രകാരം നിയമ ലംഘനം നടത്തുന്ന വാഹനത്തിന്റെ നമ്പര്‍പ്ളെയിറ്റ് വിവരം ട്രാഫിക് ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേക ഉപകരണങ്ങളില്‍ പകര്‍ത്തും. പിന്നീട് അവ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ അയച്ചു കൊടുക്കുകയും തുടര്‍ന്ന് നിയമ ലംഘനം നടത്തിയ വാഹനത്തിന്റെ ഉടമസ്ഥന്റെ മൊബൈല്‍ ഫോണിലേക്ക് നിയമലംഘനത്തെക്കുറിച്ച് സന്ദേശം അയച്ചു കൊടുക്കുന്നതാണ് പുതിയ രീതി.

നിയമ ലംഘനം സംഭവിക്കുന്ന ഘട്ടത്തില്‍ വാഹനത്തിന്റെ നമ്പര്‍ പ്ളെയിറ്റ് വിവരങ്ങള്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ കൈവശമുള്ള കംപ്യൂട്ടര്‍ സംവിധാനത്തില്‍ ഉണ്േടാ എന്ന് ഉറപ്പാക്കും. തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ പ്ളെയിറ്റിന്റെ ചിത്രം കാമറയില്‍ പകര്‍ത്തി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ അയച്ചു കൊടുക്കും. തുടര്‍ന്നാണ് മൊബൈല്‍ ഫോണിലേക്ക് നിയമ ലംഘനത്തെക്കുറിച്ച് സന്ദേശമയയ്ക്കുകയെന്ന് കിഴക്കന്‍ പ്രവിശ്യ ട്രാഫിക് വാക്താവ് ബ്രിഗേഡിയര്‍ അലി അല്‍ സഹ്റാനി അറിയിച്ചു.

കിഴക്കന്‍ പ്രവിശ്യയില്‍ തുടക്കത്തില്‍ ദമാമിലും അല്‍കോബാറിലുമാണ് പുതിയ രീതി നടപ്പിലാക്കുന്നത്. ഇതിനായി ദമാമില്‍ 12 കംപ്യൂട്ടര്‍ സംവിധാനവും അല്‍കോബാറില്‍ എട്ട് ഉപകരണങ്ങളുമാണ് ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുള്ളത്.

പുതിയ ട്രാഫിക് പദ്ധതിയുടെ ഉദ്ഘാടനം ദമാമില്‍ കിഴക്കന്‍ പ്രവിശ്യ ട്രാഫിക് പോലീസ് മേധാവി കേണല്‍ അബ്ദുള്‍ റഹ് മാന്‍ അല്‍ ശമ്പരി നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം