സായ് നാഥിന് സ്മരണാഞ്ജലി അര്‍പ്പിച്ചു
Tuesday, July 15, 2014 5:29 AM IST
ഹൂസ്റണ്‍: കെഎച്ച്എന്‍എ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഹ്യസ്റനിലെ മലയാളി സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന സായിനാഥ് കുറുപ്പ് വിട വാങ്ങിയിട്ട് ഒരു വര്‍ഷം തികഞ്ഞു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഹുസ്റണ്‍ മലയാളികള്‍ ഷുഗര്‍ലാന്‍ഡിലുള്ള അഞ്ജലി സെന്ററില്‍ വച്ച് സ്മരണാഞ്ജലി സംഘടിപ്പിച്ചു .സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സായിയോടോപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. തികഞ്ഞ ഈശ്വര ഭക്തനും മനുഷ്യസ്നേഹിയും ആയിരുന്ന സായിയുടെ അസാന്നിധ്യം, സമൂഹത്തിനു നല്‍കിയത് കനത്ത നഷ്ടം ആയിരുന്നു എന്നും, എന്നാല്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ സമൂഹത്തിനാകെ പ്രചോദനം ആയി എന്നും നില നില്‍ക്കുമെന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജമുനാ മുരളിയുടെ ഭജന്‍ ചടങ്ങിനു ഭക്തി നിര്‍വൃതി നല്‍കി.പങ്കെടുത്ത എല്ലാവരും അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്‍പില്‍ പ്രാര്‍ഥനയോടെ പുഷ്പാഞ്ജലി അര്‍പ്പിച്ചു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.സായി ബാക്കി വച്ചിട്ടു പോയ നന്മകള്‍ ദീപ്തമായ സ്മരണകളിലൂടെ ഉറ്റവരിലൂടെയും സുഹൃത്തുക്കളിലൂടെയും കാലങ്ങളോളം സമൂഹത്തില്‍ പ്രകാശിച്ചു നില്ക്കും എന്ന പ്രതിജ്ഞയോടെ ആര്‍ദ്രവും ഭക്തി സാന്ദ്രവുമായ ചടങ്ങ് അവസാനിച്ചു. രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം