ഫോക്കാന സാഹിത്യ സമ്മേളനം സമ്പൂര്‍ണ വിജയം
Tuesday, July 15, 2014 5:28 AM IST
ഷിക്കാഗോ: പതിനാറാമത് ഫോക്കാന കണ്‍വന്‍ഷന്റെ ഭാഗമായി ചെയര്‍പേഴ്സണ്‍ രതീ ദേവിയുടെ നേതൃത്വതത്തില്‍ നടന്ന സാഹിത്യസമ്മേളനം പങ്കെടുത്തവര്‍ക്കെല്ലാം ഹൃദ്യമായ ഒരനുഭവമായി. അടുത്തകാലത്ത് അന്തരിച്ച അനശ്വര എഴുത്തുകാരായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കെസിന്റെയും മായ ആന്‍ജലുവിന്റെയും പേരു നല്കിയ സമ്മേളനഹാളില്‍ രാവിലെ പത്തുമണിമുതല്‍ ഉച്ചതിരിഞ്ഞു നാലുമണിവരെ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു പെരുവിരുന്നായിരുന്നു.

അദ്ധ്യക്ഷ രതീദേവിയുടെ ആമുഖപ്രസംഗത്തിനുശേഷം സതീഷ് ബാബു പയ്യന്നൂരും ബെന്യാമിനും ചേര്‍ന്ന് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ അവര്‍ തങ്ങളുടെ സാഹിത്യ അനുഭവങ്ങള്‍ പങ്കുവെച്ചു.

മുന്‍ കേരളമന്ത്രിയും കവിയുമായ ബിനോയ് വിശ്വവും കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോക്ടര്‍ ബി. ഇക്ബാലും ആശംസാപ്രസംഗങ്ങള്‍ നടത്തി. ലക്ഷ്മി നായര്‍ ചര്‍ച്ച നയിച്ചു. കെ.കെ. ജോണ്‍സണ്‍ നന്ദിപ്രകടനം നടത്തി.

അടുത്തതായി സെമിനാറുകളായിരുന്നു. ആദ്യത്തെ സെമിനാറില്‍ മാറുന്ന ദേശിയതയും ഉത്തരാധുനിക ചിന്തകളും എന്നാ വിഷയത്തെപറ്റി അനിലാല്‍ ശ്രീനിവാസന്‍ പ്രബന്ധം അവതരിപ്പിച്ചു. പുല്ലാപ്പള്ളി ചര്‍ച്ച നയിച്ചു.

അടുത്തതായി അമേരിക്കന് മലയാളി പ്രവാസി സാഹിത്യത്തെപ്പറ്റി സരോജ വര്‍ഗീസും ആഗോള മലയാളി പ്രവാസ സാഹിത്യത്തെപ്പറ്റി അറ്റോര്‍ണി മുരളി ജെ. നായരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോക്ടര്‍ ജോസ് തോമസ് അദ്ധ്യക്ഷനും ശിവന്‍ മുഹമ്മ മോഡറേറ്ററുമായിരുന്ന പ്രസ്തുത സമ്മേളനത്തില്‍ ലക്ഷ്മി നായര്‍ ചര്‍ച്ച നയിച്ചു.

അതിനുശേഷം നടന്ന സെമിനാറില്‍ കവിതയും നവമാധ്യമങ്ങളും എന്ന വിഷയത്തെപ്പറ്റി ജോസഫ് നമ്പിമഠം പ്രബന്ധം അവതരിപ്പിച്ചു. ഡോക്ടര്‍ ശകുന്തള രാജഗോപാല്‍ അദ്ധ്യക്ഷയായിരുന്ന സമ്മേളനത്തില്‍ തമ്പി ആന്റണി മോഡറേറ്ററുമായിരുന്നു. ജോസ് ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം