മാര്‍ത്തോമാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ലോംഗ് ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആഘോഷിച്ചു
Tuesday, July 15, 2014 5:28 AM IST
ന്യൂയോര്‍ക്ക്: ഭാരതത്തിന്റെ അപ്പസ്തോലനും ലോംഗ്ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍പ്പിതാവുമായ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 5, 6, (ശനി, ഞായര്‍) തീയതികളില്‍. ഭക്ത്യാദരപുരസ്സരം, പുതുതായി ലെവി ടൌണില്‍ പണി കഴിപ്പിച്ച ദേവാലയത്തില്‍ ആഘോഷിച്ചു. ജൂലൈ അഞ്ചിന് ശനിയാഴ്ച സന്ധ്യാ നമസ്ക്കാരത്തെത്തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി, ജൂലൈ 6 ഞായറാഴ്ച രാവിലെ പ്രഭാത നമസ്ക്കാരത്തെ തുടര്‍ന്ന് വികാരി വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്ക്കോപ്പാ വി. കുര്‍ബ്ബാന അര്‍പ്പിച്ചു, പരിശുദ്ധ മാര്‍ തോമാശ്ളീഹായുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അപദാനങ്ങളെയും പ്രകീര്‍ത്തിച്ചു പ്രഭാഷണം നടത്തി. അതിനുശേഷം പ്രത്യേക ധുപപ്രാര്‍ത്ഥന നടത്തി, ഏവര്‍ക്കും നേര്‍ച്ചയും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും നല്‍കി. പുതുതായി പണി കഴിപ്പിച്ച് കൂദാശ ചെയ്യപ്പെട്ട ഈ ദേവാലയത്തില്‍ ആദ്യമായി പരിശുദ്ധ തോമ്മാ ശ്ളീഹായുടെ ഓര്‍പ്പെരുന്നാള്‍ നടത്തുവാന്‍ ഇടയായതില്‍ വികാരിയും ഇടവക ജനങ്ങളും സന്തുഷ്ടരായി. ദേവാലയ കൂദാശയ്ക്കു ശേഷം ഈ പുതിയ ദേവാലയത്തില്‍ ആദ്യമായിട്ടാണ് ബ. വികാരി യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പാസ്ക്കോപ്പാ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നത്.

2014 മെയ് 16, 17 എന്നീ തീയതികളിലാണ് ഈ ദേവാലയം മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കളാവോസിന്റെ സഹകരണത്തോടു കൂടി കൂദാശ ചെയ്യപ്പെട്ടത്. കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന സമുദായ വൈദിക ട്രസ്റി റവ.. ഡോ. ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, മലങ്കര സഭാ അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, കൂടാതെ അനേകം വൈദികരും വിശ്വാസികളും വി. കൂദാശയില്‍ സംബന്ധിച്ചിരുന്നു. കൂദാശയ്ക്കു ശേഷം മെയ് 18-ന് പരിശുദ്ധ ബാവാ തിരുമേനി പുതിയ ദേവാലയത്തില്‍ വി. കുര്‍ബ്ബാന അനുഷ്ഠിക്കയും, ഭദ്രാസനത്തിലെ അതി മനോഹരവും ബ്രഹത്തുമായ ഈ പരിശുദ്ധ ദോവാലയം വാസ്തവത്തില്‍ സഭയ്ക്കും ഭദ്രാസനത്തിനും ഇടവകയ്ക്കും അഭിമാനവും മുതല്‍ക്കൂട്ടുമാണെന്ന് ഓര്‍മ്മപ്പെടുത്തി. ഈ ദേവാലയത്തെ പരിശൂദ്ധമായി സൂക്ഷിക്കുന്നവര്‍ക്കും കരുതുന്നവര്‍ക്കും വളരെ അനുഗ്രഹങ്ങള്‍ ലഭിക്കുമെന്ന് പ. ബാവാ തിരുമേനി എടുത്തു പറഞ്ഞു. ഭദ്രാസന മെത്രാപ്പോലീത്താ ഈ ദേവാലയം കത്തീഡ്രല്‍ ആണെന്ന് പ്രസ്താവിച്ചു.

ഭദ്രാസന മെത്രാപ്പോലീത്താ ഭദ്രാസനത്തില്‍ പ്രഖ്യാപിക്കുന്ന പ്രഥമ കത്തീഡ്രല്‍ ആണ്് ഇത്. റവ. ഡോ. ഫാ. ജോണ്‍സ് കോനാട്ടും ഡോ. ജോര്‍ജ് ജോസഫും മലങ്കര സഭയുടെ പാരമ്പര്യമനുസരിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഏറ്റം മനോഹരവും ബ്രഹത്തുമായ ഈ ദേവാലയം സയ്ക്കും ഭദ്രാസനത്തിനും അഭിമാണെന്ന് എടുത്തു പറകയും വികാരിയെയും ഇടവക ജനങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. രാപകലെന്യെ ഇടവകയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വികാരി ഒന്നര വൈദികന്റെയെങ്കിലും പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്ന് ഭദ്രാസന സെക്രട്ടറി ബ. എം.കെ. കുറിയാക്കോസ് വികാരിയെ അനുമോദിച്ചുകൊണ്ട് പ്രഭാഷണം നടത്തുകയുണ്ടായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം