ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ചരിത്രം കുറിച്ചു
Monday, July 14, 2014 8:11 AM IST
ഫിലാഡല്‍ഫിയ: വാലി ഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍ നടന്ന ഫോമയുടെ നാലാമത് ഇന്റര്‍നാണഷല്‍ കണ്‍വന്‍ഷന്‍ വന്‍ ജനപ്രാതിനിധ്യംകൊണ്ടും കേരളത്തിലും അമേരിക്കയിലും നിന്നു വന്ന വിഐപികളുടെ വന്‍ നിരകൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും ചരിത്രം സൃഷ്ടിച്ച ഒരു കണ്‍വന്‍ഷനായിരുന്നു എന്ന് ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് എന്നിവര്‍ പറഞ്ഞു. കണ്‍വന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, പിന്നില്‍ പ്രവര്‍ത്തിച്ച ഇരുനൂറിലധികം വരുന്ന കണ്‍വന്‍ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും, ഫോമാ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും ഫോമയുടെ 58 അംഗ സംഘടനകള്‍ക്കും സ്പോണ്‍സേഴ്സിനും പത്രപ്രവര്‍ത്തകര്‍ക്കും മറ്റ് അഭ്യുദയകാംക്ഷികള്‍ക്കും ഇവര്‍ നന്ദിയും കടപ്പാടും അറിയിച്ചു.

നോര്‍ത്ത് അമേരിക്കയുടെ വിവിധ സ്റേറ്റുകളില്‍ നിന്നും വന്ന മൂവായിരത്തിലധികം വരുന്ന വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കേരളാ റൂറല്‍ ഡെവല്മെന്റ്, പ്ളാനിംഗ്, നോര്‍ക്ക ആന്‍ഡ് പബ്ളിക് റിലേഷന്‍സ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. മുന്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയും എംപിയുമായ കെ.വി. തോമസ്, തോമസ് ചാണ്ടി എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ ഐഎഫ്എസ്, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ജ്ഞാനേശ്വര്‍ മുലായ്, കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്, ഒബാമ അഡ്മിനിസ്ട്രേഷന്‍, അസിസ്റന്റ് സെക്രട്ടറി ഓഫ് കൊമേഴ്സ് ഡോ. അരുണ്‍ കുമാര്‍, മലയാള സിനിമയിലെ പ്രശസ്ത നടി മംമ്താ മോഹന്‍ദാസ്, നടന്‍ മനോജ് കെ. ജയന്‍, ഗായകന്‍ വിജയ് യേശുദാസ്, കേരളാ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍ തുടങ്ങി ഒട്ടനവധി പേര്‍ പങ്കെടുത്തു. ആദ്യ ദിവസത്തെ പരിപാടിയുടെ ഉദ്ഘാടനം മുന്‍ മന്ത്രി കെ.വി തോമസ് എംപിയും മൂന്നാമത്തെ ദിവസത്തെ പരിപാടികള്‍ അസിസ്റന്റ് കൊമേഴ്സ് സെക്രട്ടറി ഉദ്ഘാടനം ഡോ. അരുണ്‍ കുമാറും വിവിധ അസോസിയേഷനുകളുടെ കലാമത്സരങ്ങള്‍ നടി മംമ്താ മോഹന്‍ദാസും നടന്‍ മനോജ് കെ. ജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ രണ്ടുവര്‍ഷം ഫോമ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയവും മറ്റ് സംഘടനകള്‍ക്ക് ഒരു മാതൃകയാണെന്നും മന്ത്രി കെ.സി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ നേട്ടങ്ങള്‍ ഗ്ളാഡ്സണ്‍ വര്‍ഗീസ് തന്റെ സ്വാഗത പ്രസംഗത്തില്‍ അക്കമിട്ട് നിരത്തി. വിവിധ തുറകളിലുള്ള വി.ഐ.പികളേയും ഇത്രയും ജനപങ്കാളിത്തവും വൈവിധ്യമാര്‍ന്ന പരിപാടികളുമുള്ള കണ്‍വന്‍ഷന്‍ ആദ്യമായിരിക്കുമെന്ന് ഗ്ളാഡ്സണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് പല നല്ലകാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയും മറ്റുള്ള സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി വിവിധ പ്രോജക്ടുകള്‍ നടപ്പാക്കാന്‍ സാധിച്ചു എന്നുള്ള സംതൃപ്തിയോടുകൂടിയാണ് ഒക്ടോബറില്‍ ഈ ഭരണസമിതി പടിയിറങ്ങുന്നതെന്ന് ഗ്ളാഡ്സണ്‍ വര്‍ഗീസ് പറഞ്ഞു.

സംഘടന ഇത്രയും വളര്‍ത്തുകയും വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരള കണ്‍വന്‍ഷനും ഫിലാഡല്‍ഫിയ കണ്‍വന്‍ഷനും വലിയ പങ്കാളിത്തത്തോടും നടത്തിയതിന്റെ പിന്നില്‍ ഫോമയുടെ ശക്തരായ പല നേതാക്കളുടേയും സഹകരണവും സഹായവും ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം പ്രസിഡന്റ് ജോര്‍ജ് മാത്യു നന്ദി പറഞ്ഞു.

ഏറ്റവും ആകര്‍ഷകമായ പരിപാടികളായ മിസ് ഫോമ, ബെസ്റ് കപ്പിള്‍സ്, ചിരിയരങ്ങ്, ഫിലിം ഫെസ്റിവല്‍, മീഡിയ സെമിനാര്‍, ബിസിനസ് മീറ്റിംഗ്, വിമന്‍സ് ഫോറം കോണ്‍ഫറന്‍സ്, യൂത്ത് ഫെസ്റിവല്‍, സാഹിത്യ സമ്മേളനം, യംങ് പ്രൊഫഷണല്‍ സമ്മിറ്റ്, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, ചെസ്, യൂത്ത് പ്രോഗ്രാം, 56 കളി തുടങ്ങി ഒട്ടനവധി പരിപാടികളും അരങ്ങേറി. കേരളത്തനിമയോടെ നടന്ന ഘോഷയാത്ര, സ്റീഫന്‍ ദേവസിയുടെ ഫ്യൂഷന്‍ സംഗീതപരിപാടി, വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, ആലപ്പി രാജ് തുടങ്ങിയവരുടെ ഗാനമേള എന്നിവയും കണ്‍വന്‍ഷന് കൊഴുപ്പേകി. ഞായറാഴ്ച നടന്ന 'ഫിലാഡല്‍ഫിയ വിഷന്‍ ഷോ', അവാര്‍ഡ് സെറിമണിയോടുംകൂടി ഫോമയുടെ നാലാമത് കണ്‍വന്‍ഷന് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം