ഇഫ്ത്താറും മഅ്ദനി ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു
Monday, July 14, 2014 6:40 AM IST
ജിദ്ദ: പിഡിപിയുടെ പ്രവാസി സംഘടയായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ മതസാസ്കാരിക സംഘടനാ പ്രധിനിധകളുടേയും പത്ര മാധ്യമ പ്രധിനിധികളുടേയും സാന്നിധ്യത്തില്‍ ശറഫിയ ഹില്‍ട്ടോപ്പ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഇഫ്ത്താറും മഅ്ദനി ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു.

ഇഫ്ത്താറിന് സുബൈര്‍ മൌലവി, ഉമര്‍ മേലാറ്റൂര്‍, അബ്ദുള്‍ റൌഫ് തലശേരി, ഷിഹാബ് പൊന്‍മള, അനീസ് അഴീക്കോട്, കരീം മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന മഅ്ദനി ഐക്യദാര്‍ഢ്യ സംഗമത്തില്‍ പ്രസിഡന്റ്് സിദ്ദീഖ് സഖാഫി വണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജസ്റിസ് ഫോര്‍ മഅ്ദനി ഫോറം ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ ഗോപി നെടുങ്ങാടി മഅ്ദനി ഐക്യദാര്‍ഢ്യ പ്രസംഗം നടത്തി. നീതി നിഷേധിക്കപ്പെടുന്ന മഅ്ദനിക്ക് വേണ്ടി ശബ്ദിക്കേണ്ടതും അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതും നാം ഓരോരുത്തരുടേയും സാമൂഹിക ബാധ്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫ. റെയ്നോള്‍ഡ്, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഇബ്രാഹിം, വിവിധ സംഘടനാ പ്രധിനിധികളായ അഡ്വ. കെ.എച്ച്.എം. മുനീര്‍, അന്‍വര്‍ വടക്കാങ്ങര, സുബൈര്‍ മൌലവി, റഫീഖ് മൌലവി കാഞ്ഞാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഹാഷിര്‍ കൊല്ലം മഅ്ദനിയുടെ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും പ്രതിഫലിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ യാസീന്‍ തിരൂരങ്ങാടി രചിച്ച കവിത ആലപിച്ചു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ജസ്റിസ് ഫോറം മഅ്ദനി ഫോറം ജിദ്ദ ചാപ്റ്റര്‍ കണ്‍വീനര്‍ കൂടിയായ പ്രഫ. റെയ്നോള്‍ഡിനുള്ള പി.സി.എഫ് ജിദ്ദ കമ്മിറ്റിയുടെ ഉപഹാരം നാഷണല്‍ കമ്മറ്റി കണ്‍വീനര്‍ പി.എ. മുഹമ്മദ് റാസി വൈക്കം നല്‍കി. അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിനുശേഷം ആര്‍എസ്സി. ജിദ്ദ കമ്മിറ്റി പ്രധിനിധി കൂടിയായ മുഹ്സിന്‍ സഖാഫി റമദാന്‍ സന്ദേശം നല്‍കി. മനുഷ്യന്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നന്ദിയുള്ളവനാകണമെന്നും ഈ പരിശുദ്ധമാസത്തില്‍ ആത്മസംസ്കരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റും പങ്കാളികളാകണമെന്നും മഅ്ദനിയുടെ അസാന്നിധ്യത്തില്‍ പ്രയാസം അനുഭവിക്കുന്ന അന്‍വാര്‍ശേരി യത്തീംഖാനയേയും അന്‍വാര്‍ സ്ഥാപനങ്ങളേയും സഹായക്കണമെന്നും മഅ്ദനിക്ക് നീതി ലഭിക്കുവാന്‍ വേണ്ടി നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്യണമെന്നും അത് ഒരു വിശ്വാസിയുടെ ബാധ്യതയാണെന്നും അദ്ദേഹം സദ്ദസിനെ ഉണര്‍ത്തി.

നമ്മുടെ ഓരോരുത്തരുടേയും ആത്മാര്‍ഥമായ പ്രാര്‍ഥനയുടെ ഫലമായി മഅ്ദനിക്ക് ജാമ്യവും നീതിയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഅ്ദനിക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനയും അദ്ദേഹം നടത്തി. ദിലീപ് താമരക്കുളം മഅ്ദനിയുടെ സന്ദേശം വായിച്ചു. പ്രധിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നില്‍ക്കുകയും സഹായിക്കുകയും ചെയ്യുന്ന പ്രവാസി സമുഹത്തോട് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്നും നീതിക്കു വേണ്ടിയുള്ള തന്റെ പോരാട്ടത്തിന് പിന്തുണയുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ജനറല്‍ സെക്രട്ടറി അബ്ദുള്‍ റസാഖ് മാസ്റര്‍ മമ്പുറം സ്വാഗത പ്രസംഗവും വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് ഒയൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍