ദുക്റോന തിരുന്നാള്‍ ആഘോഷിച്ചു
Monday, July 14, 2014 6:39 AM IST
ഫിലാഡല്‍ഫിയ: വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ പെരുന്നാള്‍ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 27 ന് (വെളളി) വൈകുന്നേരം ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി തിരുനാള്‍ കൊടി ഉയര്‍ത്തി ദശദിന ദുക്റാന തിരുവുല്‍സവത്തിനു തുടക്കം കുറിച്ചു.

അന്നേ ദിവസം ഫാ. ജോണിക്കുട്ടി പുലിശേരി, സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ. മാത്യു മണക്കാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും തോമാശ്ളീഹായുടെ രൂപം വെഞ്ചരിപ്പും ന്യുമാന്‍ വാര്‍ഡിന്റെ നേതൃത്വത്തിലുളള മധ്യസ്ഥ പ്രാര്‍ഥനയും നടന്നു. ഈശോയുടെ തിരുഹൃദയം തൊട്ടറിഞ്ഞു വിശ്വാസം പ്രഘോഷിച്ച തോമാശ്ളീഹായുടെ മാതൃക നമ്മുടെ ജീവിതത്തില്‍ അനുകരിച്ച് നാം ഹൃദയ ശാന്തതയും എളിമയും ഉളളവരായിത്തീരണമെന്ന് ഫാ. ഡോ. മാത്യു മണക്കാട്ട് തന്റെ തിരുനാള്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

ജൂലൈ മൂന്നിന് (വ്യാഴം) വൈകുന്നേരം ഫാ. തോമസ് മലയില്‍, ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. മാത്യു മുളങ്ങാശേരി എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ, കുര്‍ബാന നടന്നു. വെളളിയാഴ്ച വൈകുന്നേരം മുന്‍ വികാരിയും ഗാര്‍ഫീല്‍ഡ് സെന്റ് ജോണ്‍ പോള്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്ടറുമായ ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. ജേക്കബ് ജോണ്‍, ഫാ. ജോസ് അയിനിക്കല്‍ എന്നിവര്‍ കാര്‍മികരായി സമൂഹബലിയും നടന്നു.

ടി.എം. എബ്രഹാമിന്റെ രചനയില്‍, ജോര്‍ജ് ഓലിക്കല്‍, സോഫി നടവയല്‍ സംവിധാനം നിര്‍വഹിച്ച് 30 ല്‍ പരം കലാകാരന്മാര്‍ ചേര്‍ന്ന് രംഗാവതരണം നടത്തിയ മദര്‍ തെരേസ നാടകം വളരെ ഹൃദ്യമായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന നാടകത്തിന്റെ ഗാനരചന ജോര്‍ജ് നടവയലും രംഗപടം ടോമി അഗസ്റ്റ്യനും മേക്കപ്പ് സുനില്‍ ലാമണ്ണിലും നിര്‍വഹിച്ചു.

ജൂലൈ അഞ്ചിന് (ശനി) വൈകുന്നേരം ഫാ. മാത്യു മുളങ്ങാശേരിയുടെ കാര്‍മികത്വത്തില്‍ സമൂഹബലി. മുന്‍ വികാരിയും ഇപ്പോള്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപത വികാരി ജനറലുമായ ഫാ. ഡോ. അഗസ്റ്റ്യന്‍ പാലയ്ക്കാപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. ലദീഞ്ഞിനും പ്രദക്ഷിണത്തിനും ശേഷം സെന്റ് ജോസഫ് വാര്‍ഡ് ടീമംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാവിരുന്ന് ഹൃദ്യമായിരുന്നു.

സെന്റ് ജോസഫ് വാര്‍ഡ് യൂത്ത് അവതരിപ്പിച്ച സ്കിറ്റ്, മരിയന്‍ മദേഴ്സ് അവതരിപ്പിച്ച ശമരിയാക്കാരി സ്ത്രീ, ഏബല്‍, ആല്‍ബര്‍ട്ട്, ഏഞ്ചല സഹോദരങ്ങള്‍ ആടിപ്പാടിയ ബോളിവുഡ് നൃത്തം, യുവജന സിനിമാറ്റിക് ഡാന്‍സ്, ബേബി തടവനാലിന്റെ കോറിയോ ഗ്രഫിയില്‍ സെന്റ് ജോസഫ്സ് വനിതകളുടെ തിരുവാതിര, ഗായകന്‍ കൂടിയായ വികാരി ജോണിക്കുട്ടിയച്ചന്റെ നേതൃത്വത്തിലുളള ഗാനമേള എന്നിവ കാണികളെ വളരെയധികം രസിപ്പിച്ചു. പിഞ്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ പരിപാടികള്‍ അവതരിപ്പിക്കുന്നതിനു മത്സരിച്ചു. സണ്‍ണ്േട സ്കൂള്‍ ടീച്ചര്‍ എലിസബത്ത് മാത്യു കലാപരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്തു. സ്റ്റെഫനി ഓലിക്കല്‍, മലിസാ മാത്യു, ജസ്റ്റ്യന്‍ മാത്യു, ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ എംസിമാരായി.

പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച ഫാ. ഡോ. അഗസ്റ്റ്യന്‍ പാലയ്ക്കാപറമ്പില്‍, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവര്‍ മുഖ്യകാര്‍മികരായി. തിരുനാള്‍ കുര്‍ബാന തൃശൂര്‍ ജറുശലേം റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത് തിരുനാള്‍ സന്ദേശം നല്‍കി. ലദീഞ്ഞിനുശേഷം തിരുനാള്‍ കൊടികളുടെയും മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുളള പ്രദക്ഷിണം.

തിരുനാളിനോടനുബന്ധിച്ച് യുവജനങ്ങള്‍ ഒരുക്കിയ കാര്‍ണിവല്‍ എല്ലാവരെയും ആകര്‍ഷിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ആസ്വദിക്കുന്നതിനുളള വിഭവങ്ങള്‍ അവര്‍ വിവിധ സ്റാളുകളിലായി ഒരുക്കിയിരുന്നു.

മരിച്ചവരുടെ ഓര്‍മ ദിനമായി തിങ്കളാഴ്ച്ച ആചരിച്ചു. വൈകുന്നേരം ദിവ്യബലിക്കും ഒപ്പീസിനുശേഷം ഫാ. ജോണിക്കുട്ടി പുലിശേരി കൊടിയിറക്കിയതോടെ പത്തുദിവസത്തെ തിരുനാളിനു തിരശീല വീണു. സെന്റ് ജോസഫ് വാര്‍ഡിലെ കുുടംബാംഗങ്ങളായിരുന്നു ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍. ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റിമാരായ ബിജു ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍ നോട്ടത്തില്‍ വാര്‍ഡ് പ്രസിഡന്റ് സിബിച്ചന്‍ ചെംപ്ളായില്‍, വൈസ് പ്രസിഡന്റ് പോള്‍ തെക്കുംതല, ജോ. സെക്രട്ടറി എലിസബത്ത് മാത്യു, ട്രഷറര്‍ യോഹന്നാന്‍ മത്തായി എന്നിവര്‍ തിരുനാളിന്റെ കാര്യങ്ങള്‍ നിയന്ത്രിച്ചു. പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്ത സംഘടനകള്‍, മതബോധന സ്കൂള്‍ എന്നിവ പെരുന്നാളിന്റെ വിജയത്തിനായി പരിശ്രമിച്ചു.

തിരുനാള്‍ ദിവസങ്ങളില്‍ പളളിയും പരിസരങ്ങളും കൊടിതോരണങ്ങളാലും ദീപാലങ്കാരങ്ങളാലും വളരെ കമനീയമായി അലങ്കരിച്ചിരുന്നു. അലങ്കാരങ്ങള്‍ക്ക് ദേവസിക്കുട്ടി, പോളച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അനേകം വിശ്വാസികള്‍ ഇടവക മധ്യസ്ഥനെ വണങ്ങി നേര്‍ച്ച കാഴ്ച്ചകള്‍ സമര്‍പ്പിച്ചു.

വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ജോയി കരുമത്തിയുടെ മേല്‍നോട്ടത്തില്‍ സ്നേഹവിരുന്ന് ക്രമീകരിച്ചിരുന്നു. വാര്‍ഡുതല കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിന്റെയും കലാപരിപോഷണത്തിന്റെയും ഉദ്ദാഹരണമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍