ഫൊക്കാനയുടെ സാഹിത്യസമ്മേളനവും എഴുത്തുകാരുടെ അംഗീകാരങ്ങളും; ജോണ്‍ ഇളമതയെ ആദരിച്ചു
Monday, July 14, 2014 4:37 AM IST
ഷിക്കാഗോ: മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ഫൊക്കാന നടത്തിയ സാഹിത്യസമ്മേളനം സവിശേഷ ശ്രദ്ധയാകര്‍ഷിച്ചതും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതുമാണ്. മറിയാമ്മപിള്ളയുടെ കീഴില്‍ സാഹിത്യസമ്മേളന ചുമതല ഏറ്റെടുത്ത രതീ ദേവി പരിപാടികള്‍ വിജയിപ്പിക്കാന്‍ ചെയ്തപരിശ്രമങ്ങള്‍ ഫലപ്രദമായി. എഴുത്തുക്കാരുടെ രചനകള്‍ വിലയിരുത്തി അവര്‍ക്ക് അവാര്‍ഡുകളും, മറ്റ് പ്രശസ്ത എഴുത്തുകാര്‍ക്ക് പൊന്നാടയും ഫലകങ്ങളും നല്‍കി അവര്‍ ഒരു പുതിയ തുടക്കത്തിനുനാന്ദി കുറിച്ചു.

പ്രശസ്ത എഴുത്തുകാരനായ കനേഡിയന്‍ മലയാളി ജോണ്‍ ഇളമതയും ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കയും ഫൊക്കാനാ അദ്ദേഹത്തെ ഫലകംനല്‍കി അനുമോദിക്കയും ചെയ്തു.

പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറില്‍ ജനിച്ച ജോണ്‍ പതിനാറു വര്‍ഷം ജര്‍മ്മനിയിലായിരുന്നു. മലയാള ഹാസ്യസഹിത്യശാഖക്ക് തന്റെതായ ഒരു ശൈലി കാഴ്ചവെച്ച ജോണ്‍ 1987 ല്‍ കാനഡയില്‍ എത്തിയതിനുശേഷം ഹാസ്യം കൂടാതെ കഥകളിലും നോവലുകളിലും തന്റെ കഴിവ് തെളിയിച്ചു. തൊലിക്കട്ടി, അഷ്ട പഞ്ചമിയോഗം, ബന്ധനങ്ങള്‍, മന്ന പൊഴിയുന്നമണ്ണില്‍, എനിവെയുവര്‍വൈഫ് ഈസ്നൈസ്, സ്വയംവരം, അച്ചായന്‍ അമേരിക്കയില്‍, മോശ, നെന്മാണിക്യം, ബുദ്ധന്‍, മരണമില്ലാത്തവരുടെ താഴ്വര, സോക്രട്ടീസ് ഒരു നോവല്‍ എന്നിവയാണ് പ്രധാന കൃതികള്‍.

1994ല്‍ കാനഡയിലെ ടോറൊന്റോ ഫൊക്കാനയില്‍ സാഹിത്യസമ്മേളനത്തിന്റെ കോര്‍ഡിനേറ്ററായും, ചെയര്‍പേഴ്സണായും, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സാഹിത്യ സംഘടനയായ ലാനയുടെ ജനറല്‍ സെക്രട്ടറിയായും, പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്തോ-ജര്‍മ്മന്‍ ക്ളബ്ബിന്റെ പ്രവാസസാഹിത്യ അവാര്‍ഡ് (1992) ന്യൂയോര്‍ക്ക് ഫൊക്കാനയുടെ സജ്ഞയന്‍ അവാര്‍ഡ് (1998) കനേഡിയന്‍ കൌണ്‍സില്‍ ഓഫ് സൌത്ത് ഏഷ്യന്‍ ക്രിസ്ത്യന്‍ സാഹിത്യ അവാര്‍ഡ് (1999) ടെക്സാസിലെ മലയാള വേദി അവാര്‍ഡ് (2000) എന്നിവ നേടിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ഈയിടെ ഇറങ്ങിയ സോക്രട്ടീസ് ഒരു നോവല്‍ ഡി.സി. കിഴക്കേമുറിയുടെ ജന്മശതബ്ദി ആഘോഷങ്ങളുടെ ഭാഗമായി മലയാളത്തിലെ തെരഞ്ഞെടുത്ത നൂറു എഴുത്തുകാര്‍ ശ്രേഷ്ഠ ഭാഷയായ മലയാളത്തിനു സമര്‍പ്പിച്ച പുസ്തകങ്ങളില്‍ ഇളമതയുടെ 'സോക്രട്ടീസ് ഒരു നോവല്‍' ഒന്നായിരുന്നു. നൂറു പുസ്തകങ്ങളില്‍ നിന്നും ഏറ്റവും അധികം വായനകാരുണ്ടായ പത്തുപുസ്തകളിലും ഒന്നു ഈ നോവലായിരുന്നു.ഭാര്യ: ആനിയമ്മ, മക്കള്‍ ജിനോ, ജിക്കു വിലാസം: 2627 ക്രിസ്റ്റല്‍ ബേണ്‍ അവന്യു, മിസിസാഗ, ഒന്റാറിയോ, കാനഡ
ഫോണ്‍: 905-848-0698.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം